പ്രതിപക്ഷ പാര്‍ട്ടി യോഗത്തിൽ ജാവേദ് അക്തറും ജസ്റ്റിസ് എ.പി ഷായും; ഉറ്റുനോക്കി രാഷ്ട്രീയ ലോകം
രാഷ്ട്രീയ തീരുമാനങ്ങൾക്കായല്ല യോഗം ചേർന്നത് എന്നും രാജ്യത്തെ നിലവിലെ സാഹചര്യമാണ് യോഗത്തിൽ ചർച്ചയായത് എന്നും നേതാക്കൾ പറയുന്നു
ന്യൂഡൽഹി: എൻസിപി അധ്യക്ഷൻ ശരദ് പവാറിന്‍റെ ഡല്‍ഹിയിലെ വീട്ടില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ അനൗദ്യോഗിക യോഗത്തിൽ പങ്കെടുത്തത് എട്ട് രാഷ്ട്രീയപ്പാർട്ടികൾ. രാഷ്ട്രീയ നേതാക്കൾക്കു പുറമേ, സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും യോഗത്തിൽ പങ്കെടുത്തത് കൗതുകകരമായി. ജസ്റ്റിസ് എ.പി ഷാ, കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ, സാമ്പത്തിക ശാസ്ത്രജ്ഞൻ അരുൺകുമാർ തുടങ്ങിയവരാണ് ഇതിലെ പ്രമുഖർ.
യശ്വന്ത് സിൻഹ, പവൻ വർമ, ഡി രാജ, ഉമർ അബ്ദുല്ല, മജീദ് മേമൻ, വന്ദന ചവാൻ, സഞ്ജയ് ഝാ, സുധീന്ദ്ര കുൽക്കർണി, സിപിഎം മുൻ എംപി നീലോൽപൽ ബസു, ജയന്ത് ചൗധരി, ഘനശ്യാം തിവാരി(എസ്പി), ബിനോയ് വിശ്വം, രവീന്ദർ മാഞ്ചന്ത, സുശീൽ ഗുപ്ത (എഎപി) മുൻ അംബാസഡർ കെസി സിങ്, സുപ്രിയ സുലെ, ശരദ് പവാർ, ഷാഹിദ് സിദ്ദീഖി എന്നിവരാണ് പങ്കെടുത്ത മറ്റുള്ളവർ. മൊത്തം ഇരുപത്തിയൊന്ന് പേരാണ് യോഗത്തിനെത്തിയത്.
രാഷ്ട്രീയ തീരുമാനങ്ങൾക്കായല്ല യോഗം ചേർന്നത് എന്നും രാജ്യത്തെ നിലവിലെ സാഹചര്യമാണ് യോഗത്തിൽ ചർച്ചയായത് എന്നും നേതാക്കൾ പറയുന്നു. 'പരാജയപ്പെട്ട സർക്കാറിന് എതിരെയുള്ള മതേതര-ജനാധിപത്യ കക്ഷികളുടെ പ്ലാറ്റ്‌ഫോമാണിത്. രാജ്യം മാറ്റം ആവശ്യപ്പെടുന്നു. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു'- യോഗത്തിനെത്തിയ സിപിഐ നേതാവ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ മഞ്ച് എന്നാണ് കൂട്ടായ്മയ്ക്ക് പേരു നൽകിയിട്ടുള്ളത്. യശ്വന്ത് സിൻഹയാണ് കൺവീനർ. ഇതൊരു സംഘടനയല്ല എന്നും ദേശീയ പ്രസ്ഥാനമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവു കൂടിയായ യശ്വന്ത് സിൻഹ പറയുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മന്ത്രിസഭയിൽ വിദേശ, ധനവകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു യശ്വന്ത് സിൻഹ. ബിജെപിയുമായി അകന്നു കഴിയുകയായിരുന്ന അദ്ദേഹം മാർച്ചിലാണ് തൃണമൂലിലേക്ക് ചേക്കേറിയത്.
No, our meeting was not about creating an anti-#Modi front.
— Sudheendra Kulkarni (@SudheenKulkarni) June 22, 2021
Under the guidance of #SharadPawar ji and #YashwantSinha ji, we discussed how to awaken the people on the major issues before the nation.#Congress & other parties too will be part of future meetings.
I too spoke. pic.twitter.com/axvZVhCpbx
അതിനിടെ, യോഗത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിനെ ചൊല്ലി വിവാദങ്ങളുയർന്നു. കപിൽ സിബൽ അടക്കമുള്ള ചില കോൺഗ്രസ് നേതാക്കൾക്ക് ക്ഷണമയച്ചിരുന്നുവെങ്കിലും അവർ നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മോദി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള യോഗമായിരുന്നില്ല ശരദ് പവാറിന്റെ വസതിയിൽ ചേർന്നതെന്ന് യോഗത്തിൽ പങ്കെടുത്ത സുധീന്ദ്ര കുൽക്കർണി ട്വിറ്ററിൽ കുറിച്ചു. വരുംയോഗങ്ങളിൽ കോൺഗ്രസും മറ്റു പാർട്ടികളും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണായക യോഗം.