നീറ്റ് ക്രമക്കേട്; പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അടക്കം സി.ബി.ഐ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
ഡല്‍ഹി: നീറ്റ് ക്രമക്കേടിൽ പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം.എന്‍ടിഎ പിരിച്ചുവിടണമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടേക്കും.നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അടക്കം സി.ബി.ഐ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പൊതുപരീക്ഷ നിയമത്തിന്‍റെ ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ നീങ്ങുമ്പോഴും അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം പാർലമെന്‍റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നീറ്റ് ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ പിരിച്ചുവിടുക എന്നതാണ് പ്രധാന ആവശ്യം. കോൺഗ്രസും എസ്പിയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ഉന്നയിക്കുന്നുണ്ട്. ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുടെ സത്യപ്രതിജ്ഞ വേളയിൽ വലിയ പ്രതിഷേധമാണ് പാർലമെന്റിൽ അരങ്ങേറിയത്. ചോദ്യപേപ്പർ ചോർത്തിയതിലടക്കം വിവിധ സംസ്ഥാനങ്ങളിലേക്ക് സി.ബി.ഐ അന്വേഷണം വ്യാപിപ്പിച്ചു.
അഞ്ചു കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നു കേസുകൾ രാജസ്ഥാനിലും ഒരു കേസ് ബിഹാറിലും ഒരു കേസ് ഗുജറാത്തിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിലെ കേസുകൾ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുള്ളതാണ്. ഡൽഹി സി.ബി.ഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.