'പ്രതിപക്ഷം സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു'; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

''സാധാരണക്കാരായ ജനങ്ങളുടെ അഭിലാഷങ്ങൾക്ക് മുകളിൽ പ്രതിപക്ഷം അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു''

Update: 2022-07-25 13:42 GMT
Editor : afsal137 | By : Web Desk
Advertising

കാൺപൂർ: പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. സമൂഹത്തിന്റെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങളെ ഗൗനിക്കാതെ പ്രതിപക്ഷം അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമാജ് വാദി പാർട്ടി മുൻ രാജ്യസഭാംഗം ഹർമോഹൻ സിംഗ് യാദവിന്റെ പത്താം ചരമവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സർക്കാർ എടുത്ത തീരുമാനങ്ങൾ പലപ്പോഴും നടപ്പിലാക്കാൻ കഴിയാതെ വന്നു. അധികാരത്തിലെത്തിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം എപ്പോഴും തടസ്സം നിൽക്കുകയായിരുന്നു. ഇത് രാജ്യത്തെ പൗരന്മാർ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''സർക്കാർ ചില തീരുമാനങ്ങളെടുത്ത് അത് നടപ്പിലാക്കാൻ മുതിരുമ്പോൾ പ്രതിപക്ഷം അതിനെ എതിർക്കുന്നു, സാധാരണക്കാരായ ജനങ്ങളുടെ അഭിലാഷങ്ങൾക്ക് മുകളിൽ പ്രതിപക്ഷം അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു, അതാണിപ്പോൾ രാജ്യം സാക്ഷ്യം വഹിക്കുന്നത്'' - പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി, ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു സ്ത്രീ രാജ്യത്തെ നയിക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദളിതർക്കും സ്വപ്നം കാണാം എന്നതിന്റെ തെളിവാണ് തന്റെ ജീവിതമെന്ന് ദ്രൗപദി മുർമു 15-ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. പുതിയ ഉത്തരവാദിത്വം നിർവഹിക്കാൻ ജനങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് തന്റെ കരുത്ത്. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകും. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാവുമെന്നും അവർ പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികൾക്കുണ്ടായിരുന്ന പ്രതീക്ഷകൾ നിറവേറ്റാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കേണ്ടതുണ്ട്. രാഷ്ട്രപതി സ്ഥാനത്തെത്തിയത് ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും നേട്ടമാണ്. ദരിദ്രന് സ്വപ്നം കാണാനും സാക്ഷാത്കരിക്കാനും പറ്റും. വനിതകളുടെ പ്രാർത്ഥന തനിക്കൊപ്പമുണ്ട്. ഭരണഘടനാ ചുമതലകൾ നിക്ഷ്പക്ഷമായി നിർവഹിക്കുമെന്നും അവർ പറഞ്ഞു.

രാവിലെ 10.15നാണ് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ഗോത്രവിഭാഗത്തിൽപെട്ട ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതികൂടിയാണ് ദ്രൗപദി മുർമു

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News