പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയെന്ന പേര് വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ
കാവി വൽക്കരണത്തിന്റെ കൈവഴികളായിട്ടാണ് പുതിയ നീക്കത്തെ പ്രതിപക്ഷം വിലയിരുത്തുന്നത്
ന്യൂഡല്‍ഹി: പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയെന്ന പേര് വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നിൽ കണ്ടുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനവിരുദ്ധവും ഇന്ത്യാവിരുദ്ധവുമാണെന്ന് കർണാടക ഉപമുഖ്യമന്തി ഡി.കെ ശിവകുമാറും പറഞ്ഞു.
12ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് നീക്കം ചെയ്യാനുള്ള എന്‍.സി.ഇ.ആര്‍.ടി ഉന്നതാധികാര സമിതി തീരുമാനത്തിനെതിരെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണി രംഗത്തിറങ്ങി. നിലവിലുള്ള പാഠ്യരീതിയും പുസ്തകവും പിന്തുടരനാണ് കർണാടകയുടെ തീരുമാനം
കാവി വൽക്കരണത്തിന്റെ കൈവഴികളായിട്ടാണ് പുതിയ നീക്കത്തെ പ്രതിപക്ഷം വിലയിരുത്തുന്നത്. ഭരണ ഘടനയിൽ ഉള്ളതാണ് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് എന്ന നിലപാടാണ് സിപിഎമ്മിന്. രാജവാഴ്ചയെ മഹത്തരമെന്ന് വിശേഷിപ്പിച്ചു മുന്നോട്ട് പോകുന്ന ബി.ജെ.പി നിലപാടിനെ എതിർക്കുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചു കഴിഞ്ഞു.
അതേസമയം എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ ബദൽ സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് കേരളം. ഇന്ത്യ എന്ന പേര് നിലനിർത്തി സ്വന്തം നിലക്ക് പാഠപുസ്തകങ്ങൾ പുറത്തിറക്കുന്നതിനുള്ള സാധ്യത തേടുകയാണ് സർക്കാർ. ഇതിന് സാങ്കേതിക - നിയമ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന പരിശോധനയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.