രാഹുല്‍ ഗാന്ധി ഇന്ത്യയെ അധിക്ഷേപിച്ചെന്ന് ബി.ജെ.പി, പ്രതിഷേധിച്ച് പ്രതിപക്ഷം: പാര്‍ലമെന്‍റ് സ്തംഭിച്ചു

അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടെ ആരോപണമെന്ന് പ്രതിപക്ഷം

Update: 2023-03-13 08:45 GMT
Advertising

ഡല്‍ഹി: ഭരണ - പ്രതിപക്ഷ തർക്കത്തിൽ പാർലമെന്‍റ് നടപടികൾ തടസപ്പെട്ടു. ലണ്ടനിലെ സെമിനാറിൽ രാഹുല്‍ ഗാന്ധി ഇന്ത്യയെ അധിക്ഷേപിച്ചെന്ന ബി.ജെ.പി എംപിമാരുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ എംപിമാർ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടെ ആരോപണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഇരുസഭകളിലും നടപടികൾ ആരംഭിച്ചതിന് പിന്നാലെ ഭരണപക്ഷം രാഹുൽ ഗാന്ധിക്കെതിരെ രംഗത്തുവരികയായിരുന്നു. ലണ്ടനിലെ സെമിനാറിൽ ഇന്ത്യയെ അധിക്ഷേപിക്കുന്ന സമീപനമാണ് രാഹുൽ സ്വീകരിച്ചതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ കുറ്റപ്പെടുത്തി. രാഹുൽ മാപ്പ് പറയണമെന്ന് പീയുഷ് ഗോയൽ രാജ്യസഭയിൽ ആവശ്യപ്പെട്ടു. പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ പ്രതിഷേധിച്ചു.

ഭരണ പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും 2 മണി വരെ നിർത്തിവെച്ചു. എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും സർക്കാർ തകർക്കുന്നുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ആം ആദ്മി പാർട്ടി അടക്കം 16 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News