സീറ്റ് വിഭജന ചർച്ചകളിലേക്ക് പ്രതിപക്ഷം; ഷിംല യോഗത്തിൽ പ്രാഥമിക ചർച്ചകൾ തുടങ്ങും

ബി.ജെ.പിയെ തോൽപ്പിക്കാൻ ഏത് പ്രതിപക്ഷ പാർട്ടിക്കാണോ കഴിയുക ആ പാർട്ടിക്ക് പിന്തുണ നൽകുക എന്നതാണ് പട്‌ന യോഗത്തിലെ തീരുമാനം.

Update: 2023-06-28 01:10 GMT
Advertising

ന്യൂഡൽഹി: ദേശീയ പ്രതിപക്ഷ കക്ഷികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് ചർച്ചകൾക്ക് തുടക്കമിടുന്നു. ജൂലൈ രണ്ടാംവാരം ഷിംലയിൽ നടക്കുന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തിലാണ് ചർച്ച നടക്കുക. തർക്കം കുറഞ്ഞ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ആദ്യം പൂർത്തിയാക്കും. ബംഗാൾ, കേരളം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം കീറാമുട്ടിയാകും.

ബി.ജെ.പിയെ തോൽപ്പിക്കാൻ ഏത് പ്രതിപക്ഷ പാർട്ടിക്കാണോ കഴിയുക ആ പാർട്ടിക്ക് പിന്തുണ നൽകുക എന്നതാണ് പട്‌നയിൽ നടന്ന യോഗത്തിലെ നയം. ബിഹാർ, മഹാരാഷ്ട്ര, തമിഴ്നാട്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കൃത്യമായ മുന്നണി സംവിധാനമുള്ളതിനാൽ തർക്കസാധ്യത കുറവാണ്. 80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ കോൺഗ്രസ് യാഥാർഥ്യബോധത്തോടെ സീറ്റ് ചോദിക്കണം എന്നാണ് സമാജ്‌വാദി പാർട്ടിയുടെ ആവശ്യ. എസ്.പി -ആർ.എൽ.ഡി സഖ്യത്തിൽ കോൺഗ്രസിന് കൂടി സീറ്റ് മാറ്റിവെക്കുമ്പോൾ മൂന്നു പാർട്ടികളുടെയും പ്രവർത്തകരുടെ അനുപാതം കൂടി കണക്കിലെടുക്കണം. ഒത്തു തീർപ്പുകൾക്ക് കോൺഗ്രസ് വഴങ്ങണം എന്നാണ് അഖിലേഷ് യാദവിന്റെ ആവശ്യം.

ഏറ്റവും സങ്കീർണമായ സീറ്റ് പങ്കിടൽ ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലാകും. കേന്ദ്ര ഓർഡിനസിനെതിരെ പരസ്യമായ പിന്തുണ കോൺഗ്രസ് നൽകാത്തതിനാൽ അടുത്ത യോഗത്തിനുപോലും ഇല്ലെന്ന നിലപാടിലാണ് ആം ആദ്മി പാർട്ടി. പട്‌ന യോഗം പൂർത്തിയായി ഒരു മണിക്കൂറിനുള്ളിൽ കേരളത്തിൽ പി.സി.സി അധ്യക്ഷനെതിരെ കേസെടുത്തതും ബംഗാളിൽ പ്രതിപക്ഷ ഐക്യമുണ്ടായേക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയും തുടക്കത്തിലേ കല്ലുകടിയായി വിലയിരുത്തപ്പെടുന്നു. ജൂലൈ രണ്ടാം വാരമാണ് ഷിംല യോഗം

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News