നീറ്റ് വിഷയം പാർലമെന്‍റില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം; ഇന്ന് നോട്ടീസ് നല്‍കും
നീറ്റ് ക്രമക്കേടിൽ സി.ബി.ഐ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യും
ഡല്‍ഹി: നീറ്റ് വിഷയം പാർലമെന്‍റില്‍ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്ന് നോട്ടീസ് നൽകും. നീറ്റ് ക്രമക്കേടിൽ സി.ബി.ഐ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യും.
നീറ്റ് ക്രമക്കേടിൽ ഇരുസഭകളിലും ശക്തമായ പ്രതിഷേധമുയർത്താൻ ആണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നീറ്റ് വിഷം ശക്തമായി ഉന്നയിക്കണമെന്നും, വിഷയത്തിൽ നോട്ടീസ് നൽകണമെന്നും ആണ് പാർട്ടികളുടെ തീരുമാനം. ഇത് സംബന്ധിച്ച് ഇന്നലെ ചേർന്ന ഇൻഡ്യ സഖ്യത്തിന്‍റെ യോഗത്തിലാണ് പാർട്ടികൾ ശക്തമായ ആവശ്യം മുന്നോട്ടുവച്ചത്. ഇതോടെ മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ പാർലമെന്‍റ് സമ്മേളനത്തിൽ നീറ്റ് ക്രമക്കേടിൽ കേന്ദ്രസർക്കാർ പ്രതിസന്ധിയിൽ ആയേക്കും. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും എൻറ്റിഎ പിരിച്ചുവിടണമെന്ന ആവശ്യവുമാണ് പാർട്ടികൾ മുന്നോട്ടുവെക്കാൻ സാധ്യത.
നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ ഇന്നലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു . പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ അറസ്റ്റ് ചെയ്തത് 22 പേരെയാണ്. അതിനിടെ നീറ്റ് പുനഃപരീക്ഷ നടത്തരുതെന്ന് ആവശ്യവുമായി വിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.