നീറ്റ് ക്രമക്കേട് പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം; ഡൽഹിയിൽ യൂത്ത് കോൺഗ്രസ് മാർച്ച്
പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നതിൽ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ സജീവമായി ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം. രാഹുൽഗാന്ധി ഉദ്യോഗാർഥികളുമായി സംസാരിക്കുകയും അവരുടെ ആശങ്കകൾ പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നീറ്റ് ക്രമക്കേടിൽ ഡൽഹിയിൽ ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.
പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നതിൽ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. അറസ്റ്റിലായവരിൽ വിദ്യാർഥികളും മാതാപിതാക്കളുമുണ്ട്. ഇതിനിടെ, ചോദ്യപേപ്പർ ചോർന്ന ജാർഖണ്ഡിലെ ഹസാരിബാദിലെ സ്കൂൾ പ്രിൻസിപ്പലിനെ സിബിഐ കസ്റ്റഡിയിൽ വാങ്ങി.
പരീക്ഷാ ചുമതലയിലുള്ള അധ്യാപകനായിരുന്നു ഇൻസാ ഉൽ ഹഖിന് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് സിബിഐ കണ്ടത്തൽ. ബീഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ക്രമക്കേട് നടന്നുവന്ന് സിബിഐ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നും നാലു പേരെ സിബിഐ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബീഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പക്കൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. അതേസമയം, തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിബിഐ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.