'സാമൂഹിക ഐക്യത്തിനായി നിലകൊള്ളുന്നു'; മോഹന്‍ ഭഗവതിന്റെ നിലപാടിനെതിരായ എഡിറ്റോറിയലില്‍ വിശദീകരണവുമായി ഓര്‍ഗനൈസര്‍
രാജ്യത്ത് ക്ഷേത്രം - പള്ളി തര്‍ക്കങ്ങള്‍ കൂടുന്നതില്‍ മോഹൻ ഭഗവത് ആശങ്ക പ്രകടിപ്പിച്ചിരുന്നു
ന്യൂഡൽഹി: രാജ്യത്തെ ക്ഷേത്ര-പള്ളി തര്‍ക്കങ്ങള്‍ സംബന്ധിച്ച ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്ക് വിരുദ്ധമായ എഡിറ്റോറിയലിൽ വിശദീകരണവുമായി ആർഎസ്എസ് മാഗസിൻ ഓർഗനൈസർ. തങ്ങള്‍ സാമൂഹിക ഐക്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണെന്നും മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ പിന്തുണക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
'ഓര്‍ഗനൈസര്‍ സാമൂഹിക ഐക്യത്തിന് വേണ്ടി നിലകൊള്ളുന്നു. പൂജനീയ സര്സംഘചാലകിെൻറ (മോഹന്‍ ഭഗവത്) പ്രസംഗത്തെ ഓര്‍ഗനൈസര്‍ പൂര്‍ണമായും അംഗീകരിക്കുന്നു. വിശ്വഗുരുവാകാന്‍ ആവശ്യമായ മുന്‍കരുതല്‍ എന്ന നിലയില്‍ സാമൂഹിക സൗഹാര്‍ദത്തിന്റെ മാതൃകയായി ഭാരതം നിലകൊള്ളുന്നുവെന്ന അദ്ദേഹത്തിന്റെ വാക്കുകളെയും പിന്തുണക്കുന്നു. അതിനാല്‍ തന്നെ മോഹന്‍ ഭഗവതിന്റെ പ്രസംഗത്തിനെതിരെ ഓര്‍ഗനൈസറിന് എഡിറ്റോറിയലിറക്കി വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല' -മാഗസിന്‍ എഡിറ്റര്‍ പ്രഫുല്ല കെത്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്ത് ക്ഷേത്രം - പള്ളി തര്‍ക്കങ്ങള്‍ കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മോഹന്‍ ഭഗവത് കഴിഞ്ഞയാഴ്ച രംഗത്തുവന്നത്. രാമക്ഷേത്രം പോലുള്ള സംഭവങ്ങള്‍ സൃഷ്ടിച്ചും ഇവ മുതലെടുത്തും ചിലര്‍ ഹിന്ദുക്കളുടെ നേതാക്കളാകാന്‍ ശ്രമിക്കുന്നുവെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞത്. വ്യത്യസ്ത വിശ്വാസങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഒരുമയോടെ ജീവിക്കാനുള്ള ഒരു മാതൃകയാവണം ഇന്ത്യയെന്നും ഭഗവത് പറഞ്ഞു. യുപി സംഭലിലെ ശാഹി ജുമാമസ്ജിദിനെക്കുറിച്ചും രാജസ്ഥാനിലെ അജ്മീര്‍ ദർഗയെക്കുറിച്ചും തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആരോപണങ്ങൾ ഉയരുന്നതിനിടെയായിരുന്നു മോഹന്‍ ഭഗവതിെൻറ പ്രസംഗം.
'രാമക്ഷേത്രം വിശ്വാസത്തിന്റെ വിഷയമായിരുന്നു, ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമിക്കണമെന്ന് തോന്നി, എന്നാൽ പുതിയ വിഷയങ്ങൾ കുത്തിപ്പൊക്കി വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല' - ഭഗവത് പറഞ്ഞു.
സമൂഹത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി പുരാതന സംസ്‌കാരത്തിലേക്ക് മടങ്ങുകയാണ് പരിഹാരമെന്ന് പറഞ്ഞ ഭഗവത്, തീവ്രവാദം, ആക്രമണോത്സുകത, ബലപ്രയോഗം, മറ്റുള്ളവരുടെ വിശ്വാസത്തെയും ദൈവത്തെയും അപമാനിക്കൽ എന്നിവ തങ്ങളുടെ സംസ്‌കാരമല്ലെന്നും കൂട്ടിച്ചേർത്തു.
രാജ്യത്ത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല, എല്ലാവരും ഒന്നാണ്. ഓരോരുത്തരുത്തർക്കും അവരുടെ ഇഷ്ടമുള്ള ആരാധനാരീതി രാജ്യത്ത് പിന്തുടരാൻ അവസരമുണ്ടാകണമെന്നും മോഹൻ ഭഗവത് പറഞ്ഞു. 'വിശ്വഗുരു ഭാരത്' എന്ന വിഷയത്തിൽ പുനെയിൽ സംസാരിക്കവെയാണ് ആർഎസ്എസ് തലവെൻറ പ്രസ്താവന.
എന്നാല്‍, ഓര്‍ഗനൈസറിന്റെ ഏറ്റവും പുതിയ ലക്കത്തിലെ എഡിറ്റോറിയല്‍ മോഹന്‍ ഭഗവതിന്റെ പ്രസംഗത്തെ തള്ളുന്ന രീതിയിലായിരുന്നു. തര്‍ക്ക സ്ഥലങ്ങളുടെയും നിര്‍മിതികളുടെയും യഥാര്‍ഥ ചരിത്രം അറിയുന്നത് നാഗരിക നീതിക്ക് പ്രധാനമാണെന്നായിരുന്നു എഡിറ്റോറിയലിൽ പറയുന്നത്. ഉത്തര്‍ പ്രദേശിലെ സംഭല്‍ മസ്ജിദ് വിവാദമാണ് മാസികയുടെ കവര്‍ സ്‌റ്റോറി. സംഭലിന്റെ കലുഷിതമായ വര്‍ഗീയ ചരിത്രവും ഇതില്‍ പ്രതിപാധിക്കുന്നുണ്ട്.
കവര്‍ സ്റ്റോറിയും അതോടൊപ്പമുള്ള എഡിറ്റോറിയലും ക്ഷേത്ര-പള്ളി തര്‍ക്കങ്ങളെക്കുറിച്ചുള്ള ഭഗവതിന്റെ പ്രസ്താവനയില്‍നിന്ന് തികച്ചും വിഭിന്നമാണ്. ചരിത്രപരമായി അധിനിവേശം ചെയ്യപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്ത മതപരമായ നിർമിതികൾ സംബന്ധിച്ച് സത്യം തെളിയിക്കണമെന്നും എഡിറ്റോറിയൽ വാദിച്ചു.
'നാഗരിക നീതിക്കായുള്ള ഈ അന്വേഷണത്തെ അഭിസംബോധന ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബാബാസാഹേബ് അംബേദ്കര്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ മൂലകാരണത്തിലേക്ക് പോകുകയും അത് അവസാനിപ്പിക്കാന്‍ ഭരണഘടനാപരമായ പരിഹാരങ്ങള്‍ നല്‍കുകയും ചെയ്തു. മതപരമായ വിദ്വേഷവും അസ്വാരസ്യങ്ങളും അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സമാനമായ സമീപനം ആവശ്യമാണ്’-എഡിറ്റോറിയലിൽ കേത്കർ വ്യക്തമാക്കി.
എന്നാൽ, ഭഗവതിന്റെ പ്രസംഗത്തെ ഓർഗനൈസറിന്റെ എഡിറ്റോറിയലുമായി ബന്ധപ്പെടുത്തി അനാവശ്യവും തെറ്റായും ചിത്രീകരിച്ച് വിവാദം സൃഷ്ടിക്കുകയാണെന്ന് കേത്കർ പ്രസ്താവനയിൽ പറഞ്ഞു. ഡിസംബര്‍ 18ന് സംഭലില്‍നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഡിറ്റോറിയല്‍ എഴുതുന്നത്. മോഹന്‍ ഭഗവതിന്റെ പ്രാഭഷണം നടക്കുന്നത് ഡിസംബര്‍ 19നാണ്. അതിനാൽ മോഹൻ ഭഗവതിന്റെ പ്രസംഗത്തിന്റെ വെളിച്ചത്തിൽ ഓർഗനൈസർ എഡിറ്റോറിയലിനെ കൂട്ടിച്ചേർക്കുന്നത് അനുചിതവും അനാവശ്യവുമാണ്’ -കേത്കർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഡിസംബർ 29 എന്ന തീയതി വെച്ചാണ് മാസിൻ പുറത്തിറക്കിയിട്ടുള്ളത്.