‘കൊളംബസല്ല ഇന്ത്യക്കാരനാണ് അമേരിക്ക കണ്ടുപിടിച്ചത്’ വൈറലായി മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രസംഗം

സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് മന്ത്രിയുടെ ‘ചരിത്ര’ പ്രസംഗം

Update: 2024-09-12 05:49 GMT
Advertising

ഭോപാൽ: കൊളംബസല്ല ഇന്ത്യൻ നാവികനായ വസുലനാണ് അമേരിക്ക കണ്ടുപിടിച്ചതെന്ന് മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ദർ സിങ് പർമർ. ബർക്കത്തുല്ല സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് മന്ത്രിയുടെ ‘ചരിത്ര’ പ്രസംഗം.

അമേരിക്ക കണ്ടുപിടിച്ചത് കൊളംബസാണെന്നത് തെറ്റായ വിവരമാണ്. വാസ്കോഡ ഗാമയെയും കൊളംബസിനെ പറ്റിയും തെറ്റായ കാര്യങ്ങളാണ് സിലബസിലുള്ളത്. അത് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാസ്കോഡ ഗാമയെത്തുന്നതിന് മുമ്പ് ഇന്ത്യ​യിലെത്തിയത് ചന്ദനാണ്. ചന്ദനെ പിന്തുടർന്നാണ് ഗാമ ഇന്ത്യയിലേക്കെത്തുന്നത്. വ്യാപാരിയായ ചന്ദന്റെ കപ്പൽ തന്റെ കപ്പലിനേക്കാൾ വലുതാണെന്ന് വാസ്കോഡ ഗാമ എഴുതിയിട്ടുണ്ട്. എന്നിട്ടും ഇന്ത്യയിലേക്ക് കടൽമാർഗം ആദ്യമെത്തിയത് വാസ്കോഡ ഗാമയാണെന്ന ​തെറ്റായ വിവരമാണ് ചരിത്രകാരന്മാർ പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എട്ടാം നൂറ്റാണ്ടിൽ ഒരു ഇന്ത്യൻ നാവികൻ അമേരിക്കയിലേക്ക് പോയി. അദ്ദേഹം സാൻഡിയാഗോയിൽ നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ചു. ഇതിന്റെ രേഖകൾ ഇപ്പോഴും അവിടെയുള്ള ഒരു മ്യൂസിയത്തിലുണ്ടെന്നും പർമർ പറഞ്ഞു. ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി മോഹന്‍ യാദവ്, നിരവധി പ്രൊഫസര്‍മാരും ബിരുദധാരികളും ഇരിക്കുന്ന വേദിയിലായിരുന്നു മന്ത്രി കണ്ടെത്തലുകൾ പങ്കുവെച്ചത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News