ഗോമാംസമുണ്ടെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; പ്രതികൾക്ക് നേരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

അക്രമികളായ മൂന്ന് പേരെയും പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയിൽ നിന്ന് ആയോഗ്യരാക്കുമെന്നും ഉദ്യോഗസ്ഥൻ

Update: 2024-09-03 05:11 GMT
Advertising

മുംബൈ: ബാഗിൽ ഗോമാംസമുണ്ടെന്ന് ആരോപിച്ച് ഹാജി അഷ്റഫ് മുൻയാറെന്ന വയോധികനെ ട്രെയിനിൽ​വച്ച് ക്രൂരമായി മർദിച്ച പ്രതികൾക്ക് നേരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വീണ്ടും കേസെടുത്തു. നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട പ്രതികൾക്ക് നേരെയാണ് പുതിയ വകുപ്പുകൾ ചുമത്തിയത്. ആൾക്കൂട്ട ആക്രമണം, വിദ്വേഷ പ്രചരണം, കവർച്ച, മതവികാരം വ്രണപ്പെടുത്തൽ എന്നിവയടക്കമുണ്ടായിട്ടും നിസാരവകുപ്പുകൾ ചുമത്തി പ്രതികളെ പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. ഇതിനെതിരെ കനത്ത പ്രതിഷേധമുണ്ടായതിന് പിന്നാ​ലെയാണ് താനെ ഗവർമെന്റ് റെയിൽവെ പൊലീസ് (ജിആർപി) പുതിയ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കവർച്ച, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയവകുപ്പുകളാണ് പുതുതായി ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ജാമ്യം റദ്ദാക്കി.

പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയെഴുതാൻ മുംബൈയിലേക്ക് പോകുന്നതിനിടയിലാണ് പ്രതികളായ ആകാശ് അവ്ഹാദ് (30), നിതേഷ് അഹിരെ (30), ജയേഷ് മൊഹിതെ (21) എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ​വയോധികന് നേരെ അക്രമം അഴിച്ചുവിട്ടത്.പ്രതികളെ ഉടൻ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് മുതിർന്ന ജിആർപി ഓഫീസർ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രതികളുടെ പൊലീസ് റിക്രൂട്ട്മെന്റ് അപേക്ഷയുടെ വിശദാംശങ്ങൾ ​റിക്രൂട്ട്മെന്റ് വിഭാഗത്തിൽ നിന്ന് തേടിയിട്ടുണ്ട്. അവർ ​ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടു​ണ്ടെങ്കിൽ നിലവിൽ ചുമത്തിയിരിക്കുന്ന ​ക്രിമിനൽ കേസുകൾ പ്രകാരം വെരിഫിക്കേഷനിൽ ആയോഗ്യരാക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.   പ്രതികളിൽ രണ്ടുപേർ സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ് കോൺസ്റ്റബിളുമാരുടെ മക്കളാണ്.

ആഗസ്റ്റ് 28 ന് ധൂലെ- സിഎസ്എംടി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ജൽഗാവ് നിവാസിയായ ​ഹാജി അഷ്‌റഫ് അലി സയ്യിദ് ഹുസൈനെന്ന അഷ്‌റഫ് മുൻയാറിനെ മൂന്ന് പേരുടെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു. കല്യാണിലുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു 72കാരൻ. അക്രമികൾ ഹുസൈൻ ഗോമാംസം കടത്തുന്നുവെന്ന് ആരോപിച്ചാണ് അക്രമം അഴിച്ചുവിട്ടത്. പ്രാഥമിക അന്വേഷണത്തിൽ സംസ്ഥാനത്ത് നിരോധിക്കപ്പെടാത്ത പോത്തിറച്ചിയാണ് ഹുസൈന്റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

ആൾക്കൂട്ട ആക്രമണമുണ്ടായ 28 ന് തന്നെ പരാതി നൽകിയെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. ആക്രമണത്തിന്റെ വിഡിയോ വൈറലായി പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്. 31 ന് അറസ്റ്റ് ചെയ്ത് പ്രതികളെ നിസാരവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് പുതിയ വകുപ്പുകൾ ചുമത്താൻ നിർബന്ധിതരായത്.

‘ഞങ്ങൾ പരാതിക്കാരനിൽ നിന്ന് അനുബന്ധമൊഴി എടുത്തു. തന്റെ പക്കലുണ്ടായിരുന്ന 2800 രൂപ അക്രമികൾ തട്ടിയെടുത്തെന്നും അഷ്റഫ് മുൻയാർ​ മൊഴിനൽകി. ആദ്യം മൊഴിയെടുത്തപ്പോൾ അത് പറഞ്ഞിരുന്നില്ല. പുതിയ മൊഴി​യുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 311 ( അക്രമിച്ച് കവർച്ച നടത്തുക), 302 (മതവികാരം വ്രണപ്പെടുത്തുക) വകുപ്പുകൾ കൂടി ചുമത്തി’ -താനെ ജിആർപി സീനിയർ ഇൻസ്​പെക്ടർ അർച്ചന ദുസാനെ പറഞ്ഞു. 311-ാം വകുപ്പ് ജാമ്യമില്ലാവകുപ്പായതിനാൽ മൂന്ന് പേരെയും വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, മറ്റൊരു പ്രതിയെ കുടി തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് യുവാക്കൾ ഹുസൈനെ ആക്രമിക്കാൻ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറയുന്നു. സംഘം ഹുസൈനെ അസഭ്യം പറയുകയും മർദിക്കുകയും ബാഗിലുള്ളതെന്താണെന്ന് കാണിക്കണമെന്ന് ആവശ്യപ്പെടുകയും​ ചെയ്തു. ഹുസൈന്റെ പക്കലുണ്ടായിരുന്ന പ്ലാസ്റ്റിക് ഭരണിയിൽ പോത്തിന്റെ മാംസമായിരുന്നു ഉണ്ടായിരുന്നത്. എന്നാലത് ഗോമാംസമെന്ന് ആരോപിച്ചാണ് മർദിച്ചതും അതിന്റെ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

വിഡിയോ വൈറലായത് ധൂലെയിൽ വർഗീയ സംഘർഷത്തിനിടയാക്കിയതായും അക്രമത്തിൽ പങ്കാളികളായ മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News