ഞായറാഴ്ച ഇന്ത്യക്കുള്ളിൽ 'പറന്നത്' നാല് ലക്ഷം യാത്രക്കാർ; റെക്കോര്‍ഡ്

കഴിഞ്ഞ രണ്ടുവർഷത്തിന് ശേഷം ഒറ്റദിവസത്തെ ആഭ്യന്തരയാത്രയിലുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്

Update: 2022-04-20 08:29 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: കഴിഞ്ഞ ഞായറാഴ്ച ഇന്ത്യക്കുള്ളിൽ വിമാനയാത്ര നടത്തിയത് നാലുലക്ഷത്തിലധികം പേർ. കഴിഞ്ഞ രണ്ടുവർഷത്തിന് ശേഷം ഒറ്റദിവസത്തെ ആഭ്യന്തരയാത്രയിലുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡ് മഹാമാരിയുടെ വരവോട് കൂടി കഴിഞ്ഞ രണ്ടുവർഷമായി വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായിരുന്നത്. കോവിഡിന് മുമ്പുള്ള ഏപ്രിൽ 14 വ്യാഴാഴ്ച 2,866 വിമാനങ്ങളിലായി 3.9 ലക്ഷം പേർ യാത്ര ചെയ്തതാണ് നിലവിലെ റെക്കോർഡ്. കോവിഡിന് മുമ്പുള്ള പ്രതിദിന ശരാശരിയുടെ 96 ശതമാനം വർധവാണ് ഇക്കഴിഞ്ഞ ഏപ്രിൽ 17 നുണ്ടായത്. ഉത്സവ സീസണും വേനൽഅവധിക്കാലവും വാരാന്ത്യ അവധിയും കൂടി ഒരുമിച്ചതിന്റെ തിരക്കാണ് ഈ ദിവസമുണ്ടായതെന്ന് എയർലൈൻ വൃത്തങ്ങൾ പറയുന്നു.

കഴിഞ്ഞ രണ്ട് വേനലവധിയും കോവിഡിന്റെ പിടിയിലായിരുന്നു. അതിന് ശേഷമുള്ള ആദ്യത്തെ വേനൽക്കാലമാണിത്. യാത്രാ സീസൺ കൂടിയായ വേനൽക്കാലത്ത് യാത്രക്കാര്‍ പഴയപോലെ തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് എയർലൈൻ വൃത്തങ്ങൾ പറയുന്നു. പ്രതിദിന യാത്രക്കാരുടെ എണ്ണം ഈ ആഴ്ച നാല് ലക്ഷത്തിൽ താഴെയായി കുറയുമെങ്കിലും അടുത്ത ഏഴ് ആഴ്ചകളിൽ ഡിസംബറിലേതിനേക്കാൾ കൂടുതൽ യാത്രക്കാരുണ്ടാകുമെന്നാണ് എയർലൈനുകാരുടെ പ്രതീക്ഷ.

എന്നാൽ മുംബൈ വിമാനത്താവളത്തിൽ ഞായറാഴ്ച ഏകദേശം 96,500 പേരാണ്  ആഭ്യന്തരയാത്ര നടത്തിയത്. എന്നാൽ ഡിസംബറിൽ ഒരു ലക്ഷം പേർ യാത്ര ചെയ്തതാണ് ഇവിടുത്തെ റെക്കോർഡെന്ന് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വക്താവ് പറഞ്ഞതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു.

കോവിഡിന് ശേഷം 2021 പകുതിയോടെയാണ് വിമാനയാത്ര സാധാരണ രീതിയിലേക്ക് മടങ്ങിയത്.സെപ്തംബറിൽ സർക്കാർ യാത്രാനിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയിരുന്നു. ദീപാവലിയും പുതുവത്സരക്കാലത്തുമെല്ലാം വിമാനയാത്ര സാധാരണ രീതിയിലേക്ക് മടങ്ങുകയും യാത്രാതിരക്ക് വർധിക്കുകയും ചെയ്തു. രണ്ടാം തരംഗത്തിന് ശേഷം കഴിഞ്ഞ നവംബർ 14 നും ഡിസംബർ 26 നും ഇടയിലുള്ള 11 ദിവസത്തിനുള്ളിൽ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 3.8 ലക്ഷം കവിഞ്ഞതായി സിവിൽ ഏവിയേഷൻ മന്ത്രാലയം പങ്കുവെച്ച കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ മൂന്നാം തരംഗം വീണ്ടും വിമാനയാത്രയെ ബാധിക്കുകയും ജനുവരിയായപ്പോഴേക്കും പ്രതിദിന ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1.4 ലക്ഷംപേരായി കുറഞ്ഞു. ഫെബ്രുവരി നാലിന് ശേഷം പ്രതിദിനയാത്രക്കാരുടെ എണ്ണം രണ്ടുലക്ഷമായി ഉയരുകയും ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News