'ആറ് മാസമായിട്ടും മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിൽ ഇനിയുമെന്താണ് ആലോചന'; ഹിജാബ് വിലക്ക് നീക്കലിലെ മലക്കംമറിച്ചിലിൽ സിദ്ധരാമയ്യക്കെതിരെ ഉവൈസി
മതേതര കോൺഗ്രസ് സർക്കാർ ഇപ്പോഴും ഹിജാബ് നിരോധനം തുടരുന്നുവെന്ന് വ്യക്തമാക്കിയതിന് സിദ്ധരാമയ്യയ്ക്ക് നന്ദിയെന്നും ഉവൈസി പ്രതികരിച്ചു.
ഹൈദരാബാദ്: ഹിജാബ് വിലക്ക് നീക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നേയുള്ളൂവെന്ന പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എ.ഐ.എം.ഐ.എം മേധാവിയും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. നിങ്ങൾ അധികാരത്തിൽ എത്തിയിട്ട് ആറ് മാസമായില്ലേയെന്നും മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം വേണോ വേണ്ടയോ എന്നതിൽ എന്താണ് ഇനിയും ആലോചിക്കാനുള്ളതെന്നും അദ്ദഹം ചോദിച്ചു.
മതേതര കോൺഗ്രസ് സർക്കാർ ഇപ്പോഴും ഹിജാബ് നിരോധനം തുടരുന്നുവെന്ന് വ്യക്തമാക്കിയതിന് സിദ്ധരാമയ്യയ്ക്ക് നന്ദിയെന്നും ഉവൈസി പ്രതികരിച്ചു. എക്സിലൂടെയായിരുന്നു ഉവൈസിയുടെ വിമർശനം. മുൻ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് വിലക്ക് ഉടൻ നീക്കുമെന്നും ഇതിനു താൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇന്നലെ പറഞ്ഞ സിദ്ധരാമയ്യ ഇന്ന് മലക്കംമറിയുകയായിരുന്നു.
വിലക്ക് നീക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നേയുള്ളൂവെന്നും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നുമാണ് മുഖ്യമന്ത്രി ഇന്ന് മൈസൂരുവിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ത്രീകൾ അവർക്കിഷ്ടമുള്ളത് ധരിക്കട്ടെയെന്നും ഹിജാബ് ധരിച്ച് അവർക്ക് എവിടെയും പോകാമെന്നും കഴിഞ്ഞദിവസം സിദ്ധരാമയ്യ പറഞ്ഞിരുന്നു.
'നിരോധന ഉത്തരവ് പിൻവലിക്കാൻ ഞാൻ നിർദേശിച്ചിട്ടുണ്ട്. നിങ്ങൾ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ എന്തിന് നിങ്ങളെ തടസപ്പെടുത്തണം?. "നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കൂ. ഇഷ്ടമുള്ളത് കഴിക്കൂ. എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കും, നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങളും കഴിക്കൂ. ഞാൻ ധോത്തി ധരിക്കുന്നു, നിങ്ങൾ പാന്റും ഷർട്ട് ധരിക്കുന്നു. അതിൽ എന്താണ് തെറ്റ്?'- എന്നും സിദ്ധരാമയ്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
2022ലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചത്. നിരോധനത്തിനെതിരെ നിരവധി വിദ്യാർഥികൾ കോടതിയെ സമീപിച്ചെങ്കിലും, കർണാടക ഹൈക്കോടതി സംസ്ഥാനത്തിന്റെ നിരോധനം ശരിവച്ചു, ഹിജാബ് ധരിക്കുന്നത് 'ഇസ്‌ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ല' എന്ന് പറഞ്ഞായിരുന്നു നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാർഥികളുടെയും വസ്ത്രധാരണരീതി തീരുമാനിക്കാമെന്നും കോടതി പറഞ്ഞിരുന്നു.
ഉവൈസിയുടെ ട്വീറ്റ്
'നിങ്ങൾ അധികാരത്തിൽ വന്നിട്ട് ആറ് മാസത്തിലേറെയായി. മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം വേണോ വേണ്ടയോ എന്നതിൽ എന്താണ് ഇനിയും ആലോചിക്കാനുള്ളത്? "മതേതര" കോൺഗ്രസ് സർക്കാർ ഇപ്പോഴും ഹിജാബ് നിരോധനം തുടരുന്നുവെന്ന് വ്യക്തമാക്കിയതിന് സിദ്ധരാമയ്യയ്ക്ക് നന്ദി. നിങ്ങൾക്ക് വോട്ട് ചെയ്ത മുസ്‌ലിംകൾ സന്തോഷത്തോടെയിരിക്കണം”.