സാദിഖലി തങ്ങൾ പറഞ്ഞത് രാമക്ഷേത്രത്തെ കുറിച്ച്; ഗ്യാൻവാപിയോ മഥുരയോ അദ്ദേഹം പരാമർശിച്ചിട്ടില്ല: ഉവൈസി
അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാനിരിക്കുന്ന മസ്ജിദും മതേതരത്വത്തിന്റെ പ്രതീകമാണെന്നായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം.
Update: 2024-02-08 10:08 GMT
ന്യൂഡൽഹി: രാമക്ഷേത്രത്തെക്കുറിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. സാദിഖലി തങ്ങൾ പറഞ്ഞത് രാമക്ഷേത്രത്തെക്കുറിച്ചാണ്. ഗ്യാൻവാപിയോ മഥുരയോ അദ്ദേഹം പരാമർശിച്ചിട്ടില്ലെന്നും ഉവൈസി പറഞ്ഞു. ഇന്ത്യാ ടുഡെ ചാനലിൽ രാജ്ദീപ് സർദേശായിയുമായുള്ള അഭിമുഖത്തിലായിരുന്നു ഉവൈസിയുടെ പ്രതികരണം.
താൻ തങ്ങളുടെ വക്താവായല്ല ഇവിടെയെത്തിയത്. അതിനെക്കുറിച്ച് വിശദീകരിക്കാൻ മുസ്‌ലിം ലീഗിന്റെ നേതാക്കളുണ്ട്. ഒരു മസ്ജിദും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും ഉവൈസി വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാനിരിക്കുന്ന മസ്ജിദും മതേതരത്വത്തിന്റെ പ്രതീകമാണെന്നായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം.