സായിപ്പിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ പറ്റാത്തതിലുള്ള വിഷമത്തിൽ സ്‌കൂൾ തന്നെ ആരംഭിച്ച ഓറഞ്ച് കച്ചവടക്കാരന്റെ കഥ
തെരുവിലെ ഓറഞ്ച് വിൽപ്പനക്കാരനിൽ നിന്ന് ഹൈസ്‌കൂൾ സ്ഥാപകനായി മാറിയ അത്ഭുതത്തിന് രാജ്യം ഇന്നലെ പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.
ഇന്നലെ പദ്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയവരിൽ പ്രായവും പ്രവർത്തനവും കൊണ്ട് അത്ഭുതപ്പെടുത്തിയ ഒരാൾ ഉണ്ടായിരുന്നു. മംഗളൂരുവിൽ ഓറഞ്ച് വിൽപ്പന നടത്തി സ്‌കൂൾ നിർമിച്ച ഹരേക്കള ഹജബ്ബയായിരുന്നു അത്. 150 രൂപ മാത്രം ദിവസ വരുമാനമുണ്ടായിരുന്ന ഹജബ്ബ സ്‌കൂൾ പണിയാൻ തീരുമാനിച്ചതിന് പിന്നിൽ ഒരു കഥകൂടിയുണ്ട്. അതിലേക്ക് മംഗളൂരുവിൽ ബസിറങ്ങിയ സായിപ്പിന്റെ ' ഹൗ മച്ച് ' എന്ന ഒറ്റ ചോദ്യത്തിനു മുന്നിൽ ഓറഞ്ച് കച്ചവടക്കാരൻ ഹജബ്ബ പരുങ്ങി. എത്രയോവട്ടം അനുഭവിച്ച അതേ നിസഹായത. ഒരു കിലോ ഓറഞ്ചിന്റെ വില ഇംഗ്ലീഷിൽ പറയാൻ കഴിയുന്നില്ല. വിദ്യാഭ്യാസമില്ലാതെ പോയല്ലോ എന്ന വാശിക്കൊടുവില്‍ അദ്ദേഹം ചെയ്തത് അത്ഭുതം. ഒരു സ്‌കൂൾ തന്നെ സ്ഥാപിക്കാൻ സർക്കാരിന് സ്ഥലം വാങ്ങിക്കൊടുത്തു.
നഗരത്തിന്റെ തിരക്കേറിയ കവലകളിൽ വള്ളികോട്ടയിൽ ഓറഞ്ച് വിറ്റുനടന്ന ഹരേക്കള ഹജബ്ബ കർണാടക സർവകലാശാലകളിൽ പഠന വിഷയമാണ്. 1999 ജൂൺ ആറിനു ന്യൂ പദപ്പിലെ മദ്രസയിൽ ഒറ്റമുറി സ്‌കൂൾ തുടങ്ങി. അംഗീകാരം കിട്ടണമെങ്കിൽ സ്വന്തമായി സ്ഥലം വേണമെന്നായി സർക്കാർ. അങ്ങനെ 2001ൽ 51,000 രൂപ മുടക്കി 40 സെന്റ് വാങ്ങി. ഒരു വലിയ കുന്നിൻപ്രദേശമായിരുന്നു അത്. നിലം നിരപ്പാക്കാൻ ഉൾപ്പെടെ ഒട്ടേറെപ്പേർ സഹായിച്ചു. ആദ്യം സംശയിച്ചവരും പിന്നീട് കൂടെ നിന്നു. ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമായി.
തെരുവിലെ ഓറഞ്ച് വിൽപ്പനക്കാരനിൽ നിന്ന് ഹൈസ്‌കൂൾ സ്ഥാപകനായി മാറിയ അത്ഭുതത്തിന് രാജ്യം ഇന്നലെ പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. പദ്മശ്രീയുടെ നിറവിലാണെങ്കിലും ഹജബ്ബക്ക് ഇന്നും സാധാരണക്കാരന്റെ വേഷം. ശാരീരിക അവശകൾ മൂലം ഓറഞ്ച് വിൽപ്പനയിൽ നിന്നും ഇപ്പോൾ വിട്ടുനിൽക്കുകയാണ്. പത്താം ക്ലാസ് വരെയുള്ള 175 വിദ്യാർഥികൾ ഹജബ്ബയുടെ സ്‌കൂളിൽ ഭാവി സ്വപ്‌നം കണ്ട് വിദ്യാഭ്യാസം നേടുകയാണ്. പ്രീ യൂണിവേഴ്സിറ്റി സ്‌കൂളായി ഉയർത്താനുള്ള ശ്രമത്തിലാണ് ഹജബ്ബ.