അദാനിക്ക് വേണ്ടി പി.ആർ വർക്ക്: ചിലർ ലേഖനങ്ങൾ എഴുതിച്ചേർത്തുവെന്ന് വിക്കിപീഡിയ
ഒരാൾ കമ്പനിയുടെ ഐപി അഡ്രസ് ഉപയോഗിച്ച് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ലേഖനം അപ്പാടെ മാറ്റിയെഴുതിയിട്ടുണ്ട്
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഗൗതം അദാനിക്ക് അടിയായി വിക്കിപ്പീഡിയ റിപ്പോർട്ടും. അദാനിക്കനുകൂലമായി ലേഖനങ്ങൾ എഴുതിച്ചേർക്കപ്പെട്ടുവെന്നും ഇതിനായി എഡിറ്റർമാരുടെ സംഘത്തെ അദാനി ഗ്രൂപ്പ് നിയോഗിച്ചിരുന്നുവെന്നുമാണ് വിക്കിപീഡിയയുടെ ആരോപണം.
40ലധികം ലേഖകർ അദാനിക്കായി പിആർ വർക്ക് നടത്തിയെന്നാണ് വിക്കിപീഡിയയുടെ കീഴിലുള്ള ഓൺലൈൻ പത്രമായ ദി സൈൻപോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഒമ്പത് ലേഖനങ്ങളാണ് അദാനിക്കനുകൂലമായി എഡിറ്റ് ചെയ്യപ്പെടുകയും എഴുതിച്ചേർക്കപ്പെടുകയും ചെയ്തിരിക്കുന്നതെന്ന് സൈൻപോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഒരാൾ കമ്പനിയുടെ ഐപി അഡ്രസ് ഉപയോഗിച്ച് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ലേഖനം അപ്പാടെ മാറ്റിയെഴുതിയിട്ടുണ്ട്.
ഇത്തരത്തിൽ ലേഖനങ്ങൾ തിരുത്തിയവരെ ബ്ലാക് ലിസ്റ്റ് ചെയ്യുകയും ഭാവിയിൽ ലേഖനങ്ങൾ എഴുതുന്നതിൽ നിന്ന് തടയുകയും ചെയ്തതായി വിക്കിപീഡിയ അറിയിച്ചു.
അതേസമയം ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിടുന്ന തിരിച്ചടികൾ തുടരുകയാണ്. വിപണിയിൽ ലിസ്റ്റ് ചെയ്ത പത്ത് അദാനി കമ്പനികൾക്ക് ബുധനാഴ്ച ഉച്ചവരെ നഷ്ടമായത് 40000 കോടി രൂപയാണ്. ഫ്‌ളാഗ്ഷിപ്പ് കമ്പനി അദാനി എന്റർപ്രൈസസിനാണ് കൂടുതൽ തിരിച്ചടി നേരിട്ടത്. കമ്പനിയുടെ ഓഹരിയിൽ പത്തു ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അദാനി ഗ്രീൻ കമ്പനികൾക്ക് അഞ്ചു ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തി.
ജനുവരി 24ന് പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം ഇതുവരെ 11.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിൽനിന്ന് ഒലിച്ചുപോയത്. മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിനിമയം നടക്കുന്നത് എന്നായിരുന്നു യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനത്തിന്റെ പ്രധാന ആരോപണം. സംഭവത്തിൽ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയായ സെബി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അദാനിയുടെ നഷ്ടം ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും പ്രതിഫലിച്ചു. ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യത്തിൽ 3.9 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്നുണ്ടായത്. ആകെ 261.3 ലക്ഷം കോടി രൂപയാണ് ബിഎസ്ഇ വിപണിമൂല്യം.