ഹിന്ദു കണക്കിനൊപ്പം ഇന്ത്യൻ പതാക, മുസ്‌ലിമിന് പാകിസ്താൻ പതാക; ജനസംഖ്യാ റിപ്പോർട്ടിന്മേൽ വിദ്വേഷ ഗ്രാഫിക്സുമായി കന്നഡ ഏഷ്യാനെറ്റ് ന്യൂസ്
മെയ് ഒമ്പതിന് സംപ്രേഷണം ചെയ്ത ഷോയിലാണ് ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കാൻ പാകിസ്താൻ പതാക ഉപയോഗിച്ചത്.
ബെംഗളൂരു: രാജ്യത്ത് മുസ്‌ലിം ജനസംഖ്യയിൽ വൻ വർധനയും ഹിന്ദുക്കളുടേത് കുത്തനെ ഇടിഞ്ഞെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി- പിഎം) പുറത്തുവിട്ട റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിദ്വേഷ പ്രചരണവുമായി കന്നഡ ഏഷ്യാനെറ്റ് ന്യൂസ്. ഹിന്ദുക്കളുടെ കണക്ക് പറയാൻ ഇന്ത്യൻ പതാകയുടെ ചിത്രവും മുസ്‌ലിംകളുടെ കണക്ക് പറയാൻ പാകിസ്താൻ പതാകയുടെ ചിത്രവുമാണ് ഏഷ്യാനെറ്റ് സുവർണ ന്യൂസ് നൽകിയത്.
മെയ് ഒമ്പതിന് സംപ്രേഷണം ചെയ്ത ഷോയിലാണ് ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കാൻ പാകിസ്താൻ പതാക ഉപയോഗിച്ചത്. അജിത് ഹനുമാക്കനവർ അവതാരകനായ സുവർണ ന്യൂസ് അവറിലെ 'ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്‌ലിം ജനസംഖ്യ വൻതോതിൽ വർധിച്ചു' എന്ന എപ്പിസോഡിലാണ് 20 കോടിയോളം വരുന്ന മുസ്‌ലിംകളെ പ്രതിനിധീകരിച്ച് പാകിസ്താൻ പതാക ഉപയോഗിച്ച് വിദ്വേഷകരമായ ഗ്രാഫിക് നൽകിയത്. സംഭവത്തിൽ കർണാടകയിലെ വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകി.
65 വർഷ കാലയളവിൽ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷ ജനസംഖ്യയിൽ 7.81 ശതമാനത്തിൻ്റെ ഇടിവും മുസ്‍ലിം ജനസംഖ്യയിൽ 43.15 ശതമാനത്തിൻ്റെ ഗണ്യമായ വർധനയും ഉണ്ടായെന്നായിരുന്നു പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരടക്കമുള്ള നിരവധി പ്രമുഖർ രംഗത്തെത്തുകയും വിമർശനം ശക്തമാവുകയും ചെയ്തിരിക്കെയാണ് വിദ്വേഷ നീക്കവുമായി ഏഷ്യാനെറ്റ് സുവർണ ന്യൂസ് രംഗത്തെത്തിയത്.
അതേസമയം, ചാനൽ ചർച്ചയിലെ പതാക ചിത്രീകരണം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ വിഷയത്തിൽ ചാനൽ തിരുത്തും ക്ഷമാപണവും നടത്തി. വിവാദ ഗ്രാഫിക് നീക്കി ആ സ്ഥാനത്ത് പൊതു ഹിന്ദു, മുസ്‌ലിം ചിഹ്നങ്ങൾ ഉപയോഗിച്ച ചാനൽ തെറ്റ് അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും അവകാശപ്പെട്ടു. ചാനലിന്റെ യൂട്യൂബ് ചാനലിൽ നിലവിലുള്ള വീഡിയോയിൽ ഈ മാറ്റം കാണാം. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് ഭൂരിഭാഗം ഓഹരികളുടേയും ഉടമസ്ഥാവകാശമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിൻ്റെ കന്നഡ വാർത്താ ചാനലാണ് ഏഷ്യാനെറ്റ് സുവർണ ന്യൂസ്.
ഇന്ത്യയിലെയും പാകിസ്താനിലെയും ഭൂരിപക്ഷ സമുദായങ്ങളുടെ വളർച്ച ചിത്രീകരിക്കുന്ന മറ്റൊരു എപ്പിസോഡിനായി ഉപയോഗിച്ച ഗ്രാഫിക്‌സ് ഈ എപ്പിസോഡിന് ഉപയോഗിക്കുകയായിരുന്നെന്നാണ് ചാനലിന്റെ വാദം. “ഇന്ത്യ- പാകിസ്താൻ ഭൂരിപക്ഷ സമുദായങ്ങളുടെ ജനസംഖ്യാ വളർച്ചയും കുറവും വിശദീകരിക്കാൻ തയാറാക്കിയ അതേ ഗ്രാഫിക്സ് പ്ലേറ്റ് ഇന്ത്യയിലെ ഹിന്ദു- മുസ്‌ലിം സമുദായങ്ങളുടെ വളർച്ച/ഇടിവ് ചിത്രീകരിക്കാൻ ഉപയോഗിക്കപ്പെടുകയായിരുന്നു. അത് അബദ്ധത്തിൽ സംഭവിച്ചതാണ്. അതിനു പിന്നിലൊരു ദുരുദ്ദേവുമില്ല. ബന്ധപ്പെട്ട ടീമിന്റെ ശ്രദ്ധയിൽപ്പെട്ടയുടൻ നിമിഷങ്ങൾക്കകം അത് പരിഹരിച്ചു. ഈ സംഭവത്തിൽ ഏഷ്യാനെറ്റ് സുവർണ ന്യൂസ് ടീം അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു”- പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി വിവാദ റിപ്പോർട്ട് പുറത്തുവന്നത്. ‘മത ന്യൂനപക്ഷങ്ങളുടെ പങ്ക്: ഒരു ക്രോസ്- കൺട്രി അനാലിസിസ് (1950-2015)’ എന്ന പേരിലാണ് പഠന റിപ്പോർട്ട് പുറത്തിറക്കിയത്. ഇക്കാലയളവിൽ ഹിന്ദു ജനസംഖ്യ 84.68 ശതമാനത്തിൽ നിന്ന് 78.82 ശതമാനമായിട്ടാണ് കുറഞ്ഞതെന്നും 1950ൽ 9.84 ശതമാനമുണ്ടായിരുന്ന മുസ്‍ലിം ജനസംഖ്യ 2015ൽ 14.09 ശതമാനമായി വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ റിപ്പോർട്ടിനും അത് സംബന്ധിച്ച വിവിധ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണത്തിനുമെതിരെ പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയടക്കം രംഗത്തെത്തിയിരുന്നു.
രാജ്യത്ത് പ്രത്യുൽപ്പാദന നിരക്കിൽ ഏറ്റവും കൂടുതൽ ഇടിവ് മുസ്‍ലിംകളിലാണെന്ന് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ജനസംഖ്യാ പഠന റിപ്പോർട്ട് മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കാനായി മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യരുതെന്നും എൻ.ജി.ഒ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്‍ലിം ജനസംഖ്യ വർധിക്കുന്നതായി കാണിച്ച് ഭയം സൃഷ്ടിക്കാനാണ് ശ്രമം. ജനസംഖ്യ വളർച്ചാ നിരക്കിന് മതവുമായി നേരിട്ട് ബന്ധമില്ല. എല്ലാ മതവിഭാഗങ്ങൾക്കിടയിലും മൊത്തത്തിലുള്ള ഫെർട്ടിലിറ്റി റേറ്റ് (TFR) കുറയുന്നുണ്ട്. മുസ്‍ലിംകൾക്കിടയിലാണ് ഏറ്റവും കൂടുതൽ ഇടിവെന്നും പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.
പഠനത്തിലെ കണ്ടെത്തലുകൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്ന സമീപകാല മാധ്യമ റിപ്പോർട്ടുകളിൽ പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വലിയ ആശങ്കയിലാണ്. ഈ റിപ്പോർട്ട് മുസ്ലിം ജനസംഖ്യാ വർധനയെക്കുറിച്ച് ആശങ്ക പരത്താൻ ഉപയോഗിക്കുകയാണ്. അത്തരം വ്യാഖ്യാനങ്ങൾ കൃത്യമല്ലെന്ന് മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്.
65 വർഷത്തെ കാലയളവിൽ ആഗോളതലത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ മത വിഭാഗങ്ങളുടെ വിഹിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിൻ്റെ റിപ്പോർട്ട് ഒരു സമുദായത്തിനെതിരായ ഭയമോ വിവേചനമോ സൃഷ്ടിക്കാൻ ഉപയോഗിക്കരുത്. മുസ്‌ലിം ജനസംഖ്യയിലെ വർധനവ് ഉയർത്തിക്കാട്ടാൻ മാധ്യമങ്ങൾ തെറ്റായ രീതിയിലാണ് ഡാറ്റകൾ തെരഞ്ഞെടുത്തതെന്നും പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ പൂനം മുത്രേജ പറഞ്ഞു.