ജാതി സർവെയിൽ ബി.ജെ.പിയെ കുരുക്കി കോൺഗ്രസ്; സെൻസസ് അനിവാര്യമെന്ന് കോൺഗ്രസ്
ജനസംഖ്യയിൽ ഭൂരിപക്ഷമെങ്കിലും സർക്കാറിലെ ഉയർന്ന ജോലികളിൽ ഉൾപ്പെടെ ന്യൂനപക്ഷമാണ് ഒബിസി വിഭാഗം
ഡല്‍ഹി:ജാതി സെൻസസ് വേണമെന്ന കോൺഗ്രസിന്‍റെ ആവശ്യം ഇത്തവണ തെരഞ്ഞെടുപ്പുകളുടെ അജണ്ട നിശ്ചയിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ജനസംഖ്യയിൽ ഭൂരിപക്ഷമെങ്കിലും സർക്കാറിലെ ഉയർന്ന ജോലികളിൽ ഉൾപ്പെടെ ന്യൂനപക്ഷമാണ് ഒബിസി വിഭാഗം . ഈ വിഭാഗത്തിന്‍റെ ദുരവസ്ഥകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ബിഹാറിലെ ജാതി സർവേ.
ഒബിസി വിഭാഗം 63 ശതമാനംപേരുണ്ടെന്ന കണക്കാണ് ഗാന്ധി ജയന്തി ദിനത്തിൽ ബിഹാർ ചീഫ് സെക്രട്ടറി പുറത്ത് വിട്ടത്. ജാതി സെൻസസ് എന്ന ആവശ്യം രണ്ടു മാസം മുൻപ് വരെ ശക്തമായി ഉന്നയിക്കാതിരുന്ന കോൺഗ്രസ് പുതിയ ആയുധമാണ് സർവേയിലൂടെ കണ്ടെത്തിയത്. പതിറ്റാണ്ടുകളായി യാദവ പാർട്ടികളുടെ മാത്രം ആവശ്യമായിരുന്നെങ്കിൽ കോൺഗ്രസ് ഇപ്പോൾ സ്വന്തം മുദ്രാവാക്യമായി ഏറ്റെടുത്തുകഴിഞ്ഞു . മണ്ഡൽ കമ്മീഷൻ പ്രക്ഷോഭ കാലത്ത് പോലും പരസ്യമായി ഒ.ബി.സി അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന കോൺഗ്രസ് ഇപ്പോൾ പ്രവർത്തക സമിതിയിൽ പോലും ജാതി സെൻസസിന് വേണ്ടി പ്രമേയം പാസ്സാക്കി.ടി.എം.സി ഒഴികെയുള്ള ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ ജാതി സെൻസസിനായി ശബ്ദമുയർത്തിക്കഴിഞ്ഞു.
തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾക്കു ജാതി സർവെ നടത്താൻ ധൈര്യം പകരുന്നതാണ് ബിഹാറിലെ നടപടി. പ്രമേയത്തോടെ കേരളത്തിലും ജാതി സെൻസസ് നടത്തണമെന്ന് കോൺഗ്രസിന് ആവശ്യപ്പെടേണ്ടിവരും . ജാതിയുടെ പേരിൽ ഭിന്നിപ്പിനു പ്രതിപക്ഷം ശ്രമിക്കുന്നതായി ബി.ജെ.പി കുറ്റപ്പെടുത്തുന്നുണ്ട് .ജാതി സർവേയോട് ബി.ജെ.പി പുറം തിരിഞ്ഞാണ് നിൽക്കുന്നതെങ്കിലും എൻ.ഡി.എ ഘടക കക്ഷികൾ ജാതി സെൻസസിനായി വാദിക്കുന്നത് അവരെ വെട്ടിലാക്കുന്നുണ്ട് .