പ്രധാനമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതി; രാഹുല്‍ ഗാന്ധി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ഹാജരാകും
രാജസ്ഥാനിലെ ബാർമറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബി.ജെ.പി പരാതി നൽകിയത്
ഡല്‍ഹി: പ്രധാനമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഇന്ന് മറുപടി നൽകണം. രാജസ്ഥാനിലെ ബാർമറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബി.ജെ.പി പരാതി നൽകിയത്.
പ്രധാനമന്ത്രിയെ 'ദുശ്ശകുന'മെന്നും 'പോക്കറ്റടിക്കാരൻ' എന്നു പരാമർശിച്ചെന്നു ആരോപിച്ചാണ് ബി.ജെ.പി പരാതി നൽകിയത്. രാഹുലിന്‍റെ പ്രസംഗം പ്രധാനമന്ത്രിയെ അപമാനിക്കുന്നു എന്നതാണ് ബി.ജെ.പി നിലപാട്. പരാതിക്ക് തൊട്ടുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ, കാരണം കാണിക്കൽ നോട്ടീസ് രാഹുലിന് നൽകിയത്.
ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോൾ ക്യാമറകളുമായി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ഉയർത്തിയത്.
മത്സരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിൻറെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നതിൻറെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനമുണ്ടായത്.