"കണ്ണുതുറക്ക് പപ്പാ.. തിരികെ വാ.."; നോവായി ജമ്മു കശ്‌മീർ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ മകൾ
ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരിൽ ഒരാളാണ് ഹവിൽദാർ നീലം സിംഗ്.
ഡൽഹി: "എന്താ എഴുന്നേൽക്കാത്തത്.. എനിക്കൊന്നും വേണ്ട പപ്പാ, തിരികെ വാ പ്ലീസ്.." ഹവിൽദാർ നീലം സിംഗിന്റെ മുഖത്തേക്ക് കുഞ്ഞിക്കൈ നീട്ടി പത്ത് വയസ്സുകാരി പവന ചിബ് പറഞ്ഞ വാക്കുകളാണിവ. പിതാവിന്റെ മൃതദേഹത്തിന് മുന്നിൽ നിസഹായയായി നിൽക്കുന്ന പവനയെ കണ്ടുനിൽക്കാൻ പലർക്കും കഴിഞ്ഞില്ല. എന്തുചെയ്യണമെന്നറിയാതെ പവനയുടെ കൈ പിടിച്ച് നിൽക്കുകയായിരുന്നു അമ്മ വന്ദന.
ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരിൽ ഒരാളാണ് ഹവിൽദാർ നീലം സിംഗ്. ധീരനായ മണ്ണിന്റെ മകനെന്നാണ് ഗ്രാമത്തിലുള്ളവർ നീലം സിംഗിനെ വിശേഷിപ്പിച്ചത്. ജമ്മുവിലെ ഇന്ത്യൻ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നിന്ന് പ്രത്യേക വാഹനത്തിലാണ് നീലം സിംഗിന്റെ മൃതദേഹം കൊണ്ടുവന്നത്. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും മറ്റ് ഉന്നത ആർമി, പോലീസ്, അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ എന്നിവരും സൈനികന് പുഷ്പചക്രം അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
"നീലം സിംഗ് അമർ രഹേ" ഗ്രാമത്തിലൊട്ടാകെ മുഴങ്ങി. പൂർണ സൈനിക ബഹുമതികളോടെയാണ് ഹവിൽദാർ സിംഗിന്റെ സംസ്കാരം നടന്നത്. മകനെ ഓർത്ത് അഭിമാനമുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവ് ഹുർദേവ് സിംഗ് ചിബ് പറഞ്ഞു. യോദ്ധാവായിട്ടാണ് അവൻ ജനിച്ചത്. ഭീകരരോട് പോരാടി ജീവൻ ത്യജിച്ച ധീരനായ കമാൻഡോ ആയിരുന്നു അവൻ. കുട്ടിയായിരുന്നപ്പോൾ തന്നെ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു എന്നും പിതാവ് പറഞ്ഞു. 2003ലാണ് നീലം സിംഗ് സേനയുടെ ഭാഗമായത്.
ഇന്നലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിലാണ് നീലം സിംഗ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. രജൗരിയിലും ബാരാമുള്ളയിലുമായി സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. എ.കെ 47 റൈഫിളും ഒരു പിസ്റ്റളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശവാസികളുടെ സഹായം ഭീകരർക്ക് ലഭിക്കുന്നുണ്ടോ എന്ന സംശയവും സേനക്കുണ്ട്.
വ്യാഴാഴ്ച പുലർച്ചെ വാനിഗ്രാം പയീൻ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപിയാൻ സ്വദേശികളായ ഷാക്കിർ മജീദ് നജർ, ഹനാൻ അഹമ്മദ് സെഹ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കശ്മീർ എഡിജിപി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.