കോവിഡിനെതിരെ രാജ്യം ധീരമായി പോരാടി; നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി
കോവിഡ് മൂന്നാം തരംഗ ഭീഷണിക്കിടെയാണ് ബജറ്റ് സമ്മേളനം. നയപ്രഖ്യാപന പ്രസംഗത്തിനിടെ പെഗാസസ് വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.
കോവിഡ് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് രാജ്യം വളര്‍ച്ച കൈവരിച്ചെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വരുന്ന 25വര്‍ഷത്തേക്കുള്ള വികസനമാണ് ലക്ഷ്യം. സ്ത്രീശാക്തീകരണത്തിന് മുഖ്യപ്രാധാന്യം നല്‍കുമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ വികസന നേട്ടങ്ങളായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാതല്‍. കോവിഡിനെതിരായ പോരാട്ടം ചൂണ്ടിക്കാട്ടിയാണ് തുടങ്ങിയത്. 150 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തും, വാക്സിന്‍ നിര്‍മാണത്തിലെ സ്വയംപര്യാപ്തത കൊണ്ടും രാജ്യം ലോക മാതൃകയായെന്ന് രാഷ്ട്രപതി പറഞ്ഞു. അംബേദ്ക്കറുടെ തുല്യതാ നയം പിന്തുടരുന്ന രാജ്യം കോവിഡ് കാലത്ത് 80 കോടിയിലധികം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‌കി. സൗജന്യ ഭക്ഷ്യ വിതരണം മാര്‍ച്ച് 31 വരെ നീട്ടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
2 കോടിയിലധികം ദരിദ്രര്‍ക്ക് വീട് നല്‍കി. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നു. കാര്‍ഷിക രംഗത്ത് വളര്‍ച്ചയുണ്ടാക്കി. കയറ്റുമതി കൂടി . നദീസംയോജന പദ്ധതിയുമായി മുന്നോട്ട് പോകും. സാമ്പത്തിക -തൊഴില്‍ രംഗത്തെ പരിഷ്കാരം തുടരും. വനിതാ ശാക്തീകരണം രാജ്യത്തിന്റെ മുഖ്യനയമെന്ന് പറഞ്ഞ രാഷ്ട്രപതി മുത്തലാഖ് നിരോധന നിയമം ഈ രംഗത്ത് മുതല്‍ക്കൂട്ടായെന്ന് പറഞ്ഞു.
പാര്‍ലമെന്റിന്റെ പരിഗണനക്ക് വരുന്ന വിവാഹ പ്രായം ഉയര്‍ത്തല്‍ ബില്‍ പരാമര്‍ശിച്ചായിരുന്നു വനിതാ ശാക്തീകരണം എടുത്തു പറഞ്ഞത്. ആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി കേന്ദ്ര, ഗരീബ് കല്യാണ്‍ യോജന, പി.എം സ്വനിധി യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പ്രസംഗത്തിലുണ്ടായിരുന്നു. ഇന്ത്യ വീണ്ടും വേഗത്തിൽ വികസിക്കുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറി. സാമ്പത്തിക , തൊഴിൽ രംഗത്തെ പരിഷ്ക്കരണം തുടരുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.