ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന ആരോപണം; മഹുവ മൊയ്ത്രക്ക് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി നോട്ടീസ്
ഒക്ടോബർ 31ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് മഹുവ മൊയ്ത്രക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ ആരോപണം പരിശോധിക്കാൻ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗം ചേർന്നു. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായിയിൽനിന്ന് പണം വാങ്ങിയെന്നാണ് മഹുവക്കെതിരായ ആരോപണം. ഒക്ടോബർ 31ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാനാണ് മഹുവ മൊയ്ത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതി ഉന്നയിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി എന്നിവർ ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. എല്ലാ കാര്യങ്ങളും എത്തിക്‌സ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് നിഷികാന്ത് ദുബെ പറഞ്ഞു.
ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരനന്ദാനിയിൽനിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ആരോപണം. അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായിയെ ഉദ്ധരിച്ചാണ് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർലക്ക് പരാതി നൽകിയത്.