മണിപ്പൂർ കലാപം ചർച്ചയ്ക്കെടുക്കാതെ കേന്ദ്രം; പാർലമെന്റിൽ കറുപ്പണിഞ്ഞ് പ്രതിഷേധിക്കാൻ പ്രതിപക്ഷം
അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്‍പിയും വൈഎസ്ആർ കോൺഗ്രസുംവ്യക്തമാക്കി.
ഡൽഹി: കേന്ദ്രം അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കുന്നത് ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ അവതരിപ്പിച്ച ശേഷമെന്ന് സൂചന. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്‍പിയും വൈഎസ്ആർ കോൺഗ്രസുംവ്യക്തമാക്കി. മണിപ്പൂർ കലാപം പാർലമെൻ്റിൽ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ ഇന്ന് കറുപ്പ് വസ്ത്രം ധരിച്ചെത്തും.
അവിശ്വാസ പ്രമേയം ഉടൻ ചർച്ചയ്ക്ക് എടുക്കണം എന്നാണ് ലോക്സഭയിൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും നിർണായക ബില്ലുകൾ സഭയിൽ ശബ്ദ വോട്ടോടെ പാസാക്കിയെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇന്ന് സഭയിൽ നിർണായക വിഷയം ചർച്ചയാകുമെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങൾക്ക് കോൺഗ്രസ് അതീവ പ്രാധാന്യമുള്ള വിപ്പ് നൽകി. രാവിലെ മുതൽ സഭാ പിരിയുന്നത് വരെ മുഴുവൻ അംഗങ്ങളും ലോക്സഭയിൽ ഉണ്ടാകണമെന്നാണ് പാർട്ടി വിപ്പ്.
അതേസമയം, മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് ഉൾപെടെയുള്ള കോൺഗ്രസ് എംഎൽഎമാർ ഗവർണർ അനുസൂയ യുകെയെക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാരിനോട് ആവശ്യപ്പെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയാതായി ഒക്രം ഇബോബി സിങ് പറഞ്ഞു.
സഭയിൽ വിശദമായി ചർച്ച ചെയ്ത് ശാശ്വതമായ പരിഹാരം കണ്ടെത്തണം. മണിപ്പൂർ സംഘർഷത്തിൽ ഇത്രയും നാൾ പ്രധാനമന്ത്രി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും പാർലമെന്റിൽ മണിപ്പൂരിനെക്കുറിച്ച് ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി ഉത്തരം പറയണമെന്നും ഒക്രം ഇബോബി സിങ് ആവശ്യപ്പെട്ടു.