പാര്‍ലമെന്‍റില്‍ കര്‍ഷകപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം; ഇരുസഭകളും നിര്‍ത്തിവെച്ചു
ഈ ശീതകാല സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങി. ലോക്സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ നിര്‍ത്തിവെച്ചു. കര്‍ഷകപ്രശ്നം ഉന്നയിച്ചാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്. താങ്ങുവില പ്രഖ്യാപിക്കണം എന്നായിരുന്നു ആവശ്യം. രാജ്യസഭയും 12 മണി വരെ നിര്‍ത്തിവെച്ചു.. അതിനു ശേഷമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കുക.
ഈ ശീതകാല സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ് രാജ്യം. പാർലമെന്‍റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. എല്ലാ വിഷയങ്ങളും പാർലമെന്‍റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യതാൽപര്യം മുൻനിർത്തിയുള്ള ചർച്ചകൾ പാർലമെന്‍റിൽ വേണം. ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാവും. എല്ലാ ചോദ്യങ്ങൾക്കും സർക്കാർ പാർലമെന്‍റില്‍ ഉത്തരം നൽകുമെന്ന് മോദി വ്യക്തമാക്കി.
ഇന്ധനവില വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഇന്ധനവില ചർച്ച ചെയ്യണമെന്ന് എന്‍ കെ പ്രേമചന്ദ്രനാണ് ആവശ്യപ്പെട്ടത്. ഇന്ധന വില വർധനയും വിലക്കയറ്റവും ചർച്ച ചെയ്യണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. മുല്ലപെരിയാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് ഡീൻ കുര്യാക്കോസ് നോട്ടീസ് നൽകി.
രാജ്യസഭയില്‍ ഇടത് എംപിമാരും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കർഷകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്ന് വി ശിവദാസൻ ആവശ്യപ്പെട്ടു. വിളകൾക്ക് താങ്ങുവില നിയമപരമാക്കണമെന്നാണ് ബിനോയ് വിശ്വം നോട്ടീസ് നല്‍കിയത്. ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി അക്രമം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക, ഹജ്ജ് എംബാർകേഷൻ പോയിന്റ് കോഴിക്കോട് എയർപോർട്ടിൽ പുനസ്ഥാപിക്കുക, ആർടി പിസിആർ ടെസ്റ്റിന്‍റെ പേരിലുള്ള ഭീമമായ ചാർജ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് പാർലിമെന്‍ററി പാർട്ടി ലീഡർ ഇ ടി മുഹമ്മദ് ബഷീർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.