ആചാരപൂർവം വിവാഹിതരായി തത്തയും മൈനയും; ആഘോഷമാക്കി ഗ്രാമവാസികൾ
'വധൂവരന്മാർക്ക്' സഞ്ചരിക്കാൻ ചെറിയ നാലുചക്രവാഹനത്തിൽ ഒരു പക്ഷിക്കൂടും ഒരുക്കിയിരുന്നു
ഭോപ്പാൽ: വിവാഹം ആഘോഷപൂർവമായി നടത്തുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ആ ആഘോഷരാവുകൾക്ക് നിറമേകും. മധ്യപ്രദേശിലെ കരേലിയിലും ആഘോഷപൂർവമായി ഒരു വിവാഹം നടന്നു. പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി നടന്ന വിവാഹത്തിന് ഒരു ഗ്രാമം മുഴുവൻ സാക്ഷിയായി. ആരായിരുന്നു ആ വധൂവരന്മാർ എന്നല്ലേ...ഒരു തത്തയും മൈനയും!
കരേലിക്ക് സമീപമുള്ള പിപാരിയ ഗ്രാമത്തിലാണ് ഈ അപൂർവ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ ആചാരങ്ങളോടെയും ജാതകം യോജിപ്പിച്ചുമാണ് വിവാഹം നടന്നത്. പിപാരിയയിൽ താമസിക്കുന്ന രാംസ്വരൂപ് പരിഹാറാണ് മൈനയെ സ്വന്തം മകളെപ്പോലെ വളർത്തിയത്. ബാദൽ ലാൽ വിശ്വകർമ എന്നയാളുടെ വളർത്തു തത്തയാണ് വരൻ. തത്തയുടെയും മൈനയുടെയും വിവാഹം ഇരു വീട്ടുകാരും ഉറപ്പിച്ചു. ഞായറാഴ്ച ഗ്രാമത്തിലെ പ്രമുഖരും നാട്ടുകാരും മുഴുവൻ ചേർന്ന് വിവാഹം ഗംഭീരമാക്കിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വിവാഹ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ നാട്ടുകാർ ആടിയും പാടിയും ആവേശത്തോടെ നൃത്തം ചെയ്തു. 'വധൂവരന്മാർക്ക്' സഞ്ചരിക്കാൻ ചെറിയ നാലുചക്രവാഹനത്തിൽ ഒരു പക്ഷിക്കൂടും ഒരുക്കിയിരുന്നു. ഘോഷയാത്ര തെരുവിലൂടെ പോകുമ്പോൾ വധൂവരന്മാരെ കാണാനും ആശിർവദിക്കാനും നിരവധി പേർ കാത്തുനിന്നിരുന്നു. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും മൈനയുടെ ഉടമസ്ഥനായ രാംസ്വരൂപ് പരിഹാറിന്റെ വീട്ടിലാണ് നടന്നത്.