'ബിജെപി സ്ഥാനാർഥി തോറ്റാൽ പാതി മീശയും മുടിയും വടിക്കും'; ഒടുവിൽ രണ്ടുംപോയി പ്രവർത്തകൻ
കോൺഗ്രസ് സ്ഥാനാർഥി ദ്വാരികാധിഷ് യാദവാണ് ചന്ദ്രാകറിനെ തോൽപ്പിച്ചത്.
റായ്പൂർ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പലരും പലവിധ ബെറ്റുകൾ വയ്ക്കാറുണ്ട്. ബെറ്റ് തോറ്റാൽ അത് അതേപടി പാലിച്ച് പണവും മുടിയുമൊക്കെ പോയവരുമുണ്ട്. അതുപോലെ ബെറ്റ് വച്ച് പാതി മുടിയും മീശയും പോയിരിക്കുകയാണ് ഒരാൾക്ക്.
ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെറ്റ് വച്ച ബിജെപി പ്രവർത്തകനാണ് മുടിയും മീശയും പാതിവീതം വടിക്കേണ്ടിവന്നത്. ബിജെപി സ്ഥാനാർഥിക്ക് വേണ്ടിയായിരുന്നു ഇയാളുടെ ബെറ്റ്.
ഇലക്ട്രീഷ്യനായ ദെർഹ റാം യാദവ് എന്നയാൾക്കാണ് മുടിയും മീശയും പാടിവീതം പോയത്. മഹാസമുന്ദ് ജില്ലയിലെ കല്ലരി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ ചന്ദ്രാകർ തോറ്റാൽ തന്റെ മുടിയും മീശയും പകുതി വീതം വടിക്കുമെന്നായിരുന്നു വോട്ടെണ്ണലിന് മുമ്പ് ഇയാൾ സുഹൃത്തുക്കളോട് ബെറ്റ് വച്ചത്.
ഡിസംബർ മൂന്നിന് വോട്ടെണ്ണിയപ്പോൾ ചന്ദ്രാകർ തോറ്റു. കോൺഗ്രസ് സ്ഥാനാർഥി ദ്വാരികാധിഷ് യാദവാണ് ചന്ദ്രാകറിനെ തോൽപ്പിച്ചത്. ഇതോടെയാണ് റാം യാദവിന് വേറെ നിവൃത്തിയില്ലാതെ വാക്കുപാലിക്കേണ്ടിവന്നത്. നേരെ ഒരു ബാർബർ ഷോപ്പിലേക്ക് പോയി ബാർബറോട് കാര്യം പറയുകയും മീശയും മുടിയും പകുതിയെടുക്കുകയുമായിരുന്നു.
അതേസമയം, ഛത്തീസ്ഗഢിൽ 90 നിയമസഭാ സീറ്റുകളിൽ 54 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തി. വെറും 35 മണ്ഡലങ്ങൾ മാത്രം നേടിയ കോൺഗ്രസിന് ഭരണം നഷ്ടമാവുകയായിരുന്നു.