റിസര്‍വ് ചെയ്തിട്ടും എ.സി കോച്ചില്‍ കയറ്റിയില്ല; ഡോറിന്റെ ചില്ല് തകര്‍ത്ത് യാത്രക്കാരന്‍

എസി കോച്ചില്‍ സീറ്റ് റിസര്‍വ് ചെയ്തിരുന്നുവെങ്കിലും ടിക്കറ്റില്ലാത്തവർ കയറ്റിവിടാത്തതിനെ തുടര്‍ന്നാണ് യാത്രക്കാരന്റെ പ്രതികരണം

Update: 2024-04-20 03:25 GMT
Advertising

ഡല്‍ഹി: ട്രെയിനിന്റെ എ.സി കോച്ചില്‍ കയറാന്‍ കഴിയാത്തതില്‍ ക്ഷുപിതനായി യാത്രക്കാരന്‍ ഡോറിന്റെ ചില്ല് അടിച്ച് പൊട്ടിച്ചു. എസി-3 കോച്ചില്‍ സീറ്റ് റിസര്‍വ് ചെയ്തിരുന്നുവെങ്കിലും ടിക്കറ്റില്ലാത്ത യാത്രക്കാര്‍ അയാളെ  അകത്തേക്ക് കടത്തിവിടാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് യാത്രക്കാരന്റെ പ്രതികരണം. അസംഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന കഫിയാത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം.

കോച്ചില്‍ വാതിലിനു മുന്നില്‍ തറയില്‍ ആളുകള്‍ ഇരിക്കുമ്പോള്‍ യാത്രക്കാരന്‍ ആളുകളോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ സ്ഥലമില്ല എന്നായിരുന്നു അവരുടെ മറുപടി. ഇതില്‍ പ്രകോപിതനായി യാത്രക്കാരന്‍ വാതിലിന്റെ ഗ്ലാസ് തകര്‍ക്കുകയായിരുന്നു.

അതേസമയം സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'ഘര്‍ കെ കലാഷ്' എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 32 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ രണ്ട് മില്യണിലേറെ ആളുകളാണ് കണ്ടത്.

ടിക്കെറ്റെടുക്കാതെ യാത്രക്കാര്‍ ട്രെയിനില്‍ കയറുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരം കണ്ടുവരുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്. എ.സി കോച്ചില്‍ ടിക്കറ്റില്ലാതെ ആളുകള്‍ കയറുന്നത് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരാറുണ്ടെങ്കിലും പലപ്പോഴും നടപ്പാകാറില്ല.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News