ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം വിറ്റ് പതഞ്ജലി; അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ മൂന്നുപേർക്ക് തടവ് ശിക്ഷ

14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് സസ്​പെൻഡ് ചെയ്തിരുന്നു

Update: 2024-05-19 09:46 GMT
Advertising

ഡെറാഡൂൺ: ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം വിറ്റതിന് പതഞ്‍ജലി ആയുർവേദ ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ മൂന്നുപേർക്ക് തടവ് ശിക്ഷ. ചിത്തോരഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് പിഴയും ആറുമാസം തടവും വിധിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ലബോറട്ടറിൽ നടത്തിയ പരിശോധനയിലാണ് പതഞ്ജലി​യുടെ സോന പപ്പടിക്ക് ഗുണനിവാരമില്ലെന്ന് കണ്ടെത്തിയത്.

2019ലാണ് കേസിനാസ്പദമായ സംഭവം. പിത്തോരഗഡ് ബെറിനാഗിലെ ലീലാ ധർ പഥക്കിൻ്റെ കടയിൽനിന്നാണ് ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർ പിടിച്ചെടുത്തത്. തുടർന്ന് രാംനഗറിലെ കനഹാ ജി ഡിസ്ട്രിബ്യൂട്ടറിനും ഹരിദ്വാറിലെ പതഞ്ജലി ആയുർവേദ ലിമിറ്റഡിനും നോട്ടീസ് നൽകി.

2020 ഡിസംബറിൽ രുദ്രാപൂരിലെ പരിശോധനാ ലബോറട്ടറി ഉൽപ്പന്നത്തിന് ഗുണനിലവാരമില്ലെന്ന് കാണിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് നോട്ടീസ് അയച്ചു. ഇതിനെ തുടർന്ന് കടയുടമ ലീലാ ധർ പഥക്, വിതരണക്കാരൻ അജയ് ജോഷി, പതഞ്ജലി അസിസ്റ്റൻ്റ് മാനേജർ അഭിഷേക് കുമാർ എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു. മൂന്നുപേർക്കും യഥാക്രമം 5000, 10,000, 25,000 രൂപ പിഴയും ആറ് മാസം തടവുമാണ് വിധിച്ചത്.

ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി കഴിഞ്ഞ മാസം ലൈസൻസ് സസ്പെൻഡ് ചെയ്ത 14 ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിയോ എന്ന് പതഞ്ജലി ആയുർവേദ് ലിമിറ്റഡിനോട് ഈയിടെ സുപ്രിംകോടതി ചോദിച്ചിരുന്നു. ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിയതായി പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബൽബീർ സിംഗ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ കേസിൽ പതജ്ഞലിയെ സുപ്രീംകോടതി വിമർശിക്കുകയുണ്ടായി. പരസ്യങ്ങൾ ഓൺലൈനിൽ നിന്നും നീക്കം ചെയാതിരുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News