പത്ര ചൗൾ കേസ്: സഞ്ജയ് റാവത്ത് ഈ മാസം 22 വരെ ഇ.ഡി കസ്റ്റഡിയിൽ
ഈ മാസം 22 വരെയാണ് കസ്റ്റഡി നീട്ടിയത്
മുംബൈ: കള്ളപ്പണക്കേസിൽ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 22 വരെയാണ് കസ്റ്റഡി നീട്ടിയത്. മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റും.
റാവത്തിനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കേണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ തീരുമാനിച്ചിരുന്നു. സഞ്ജയ് റാവത്ത് ഹൃദ്രോഗിയാണ്. അതിനാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകനായ വിക്രാന്ത് സബ്‌നെ ആവശ്യപ്പെട്ടു. മെഡിക്കൽ റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.
1034 കോടിയുടെ പത്രചൗൾ ഭൂമി അഴിമതി കേസിലാണ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തത്. ഷിൻഡെ പക്ഷത്തോടു തെറ്റിയ ഉദ്ധവ് പക്ഷ ശിവസേനയിലെ വിശ്വസ്തനായ നേതാവായിരുന്നു സഞ്ജയ് റാവത്ത്. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെയാണ് പത്ര ചൗൾ ഭൂമി കുംഭകോണക്കേസിൽ സഞ്ജയ് റാവത്തിനെതിരായ അന്വേഷണം ഇ.ഡി ശക്തമാക്കിയത്. ആഗസ്ത് 1നാണ് റാവത്തിനെ അറസ്റ്റ് ചെയ്യുന്നത്. റാവത്തിന്‍റെ ഭാര്യ വര്‍ഷ റാവത്തിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇ.ഡി ശനിയാഴ്ച വർഷയെ ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.