യാത്രക്കാരന്റെ ലഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടു; വിമാനക്കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ
പൂട്ടുപൊളിച്ച നിലയിൽ കണ്ടെത്തിയ ബാഗുകളുടെ ഭാരം പരിശോധിച്ചപ്പോൾ 43 കിലോഗ്രാമിൽ നിന്ന് 39.2 ആയി കുറഞ്ഞിരുന്നു
ന്യൂഡൽഹി: യാത്രക്കാരന്റെ ലഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടു വിമാനക്കമ്പനികൾക്ക് 30000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.ഘാനയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് യാത്ര ചെയ്ത ചണ്ഡീഗഡ് സ്വദേശിനിയുടെ ലഗേജിൽ നിന്നാണ് സാധനങ്ങൾ നഷ്ടമായത്.തുടർന്ന് നൽകിയ പരാതിയിലാണ് ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിമാനക്കമ്പനികൾക്ക് പിഴയിട്ടത്.
ഘാനയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എമിറേറ്റ്‌സ് എയർലൈൻസിൻ്റെ വിമാനത്തിലാണ് ഏക്താ സെഹ്ഗാൾ 2022 ഒക്ടോബർ 16 ന് യാത്ര ചെയ്തത്. നാല് ബാഗുകളായിരുന്നു കൈയിലുണ്ടായിരുന്നത്. 43 കിലോഗ്രാം ആയിരുന്നു ആകെ ഭാരം. ഒക്‌ടോബർ 17 ന് രാത്രി 8.20 ഓടെ വിമാനം ന്യൂഡൽഹിയിൽ ഇറങ്ങിയെങ്കിലും എയർപോർട്ട് കൺവെയർ ബെൽറ്റിൽ ബാഗുകളെത്തിയില്ല.
തുടർന്ന് വിമാനത്താവള അധികൃതരെ സമീപിച്ചപ്പോൾ, ആളൊഴിഞ്ഞ കോണിൽ കൂട്ടിയിട്ട ലഗേജുകളിൽ നോക്കാൻ ആവശ്യപ്പെട്ടു. അവിടെ നിന്ന് രണ്ട് ബാഗുകൾ കണ്ടെത്തിയെങ്കിലും അവ ഭാഗികമായി തുറന്ന നിലയിലും കേടായ നിലയിലുമായിരുന്നു. ബാഗുകളുടെ പൂട്ട് തകർത്താണ് സാധനങ്ങൾ പുറത്തെടുത്തെന്നും മനസിലായി.
തുടർന്ന് ബാഗുകളുടെ ഭാരം പരിശോധിച്ചപ്പോൾ 43 കിലോഗ്രാമിൽ നിന്ന് 39.2 കിലോഗ്രാമായി കുറഞ്ഞതായി കണ്ടെത്തി. 4 കിലോ സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി നൽകിയപ്പോൾ 200 ഡോളർ മാത്രമാണ് നഷ്ടപരിഹാരം നൽകിയത്.
തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുന്നത്. എമിറേറ്റ്‌സ് എയർലൈൻസ് പരാതിക്കാരിയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് കണ്ടെത്തിയാണ് നഷ്ടപരിഹാരമായി 20,000 രൂപ നൽകാനും കേസുകളുടെ നടത്തിപ്പിനായി 10,000 രൂപ നൽകാനും കമ്മീഷൻ ഉത്തരവിട്ടത്. കേരളത്തിലടക്കം പല വിമാനത്താവളങ്ങളിലും യാത്രക്കാരുടെ ബാഗുകളിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെടുന്നുവെന്ന പരാതി പലപ്പോഴും ഉയർന്നിട്ടുണ്ട്.