500 രൂപ നല്‍കിയാല്‍ കര്‍ണാടകയില്‍ തടവുപുള്ളിയാകാം
ജയിലിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരമൊരുക്കുകയാണ് കര്‍ണാടകയിലെ ബെലാഗവി ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയില്‍
സിനിമയിലും മറ്റും കണ്ടിട്ടുള്ളതല്ലാതെ ജയിലിലുള്ളിലെ ജീവിതം എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? 24 മണിക്കൂറും ആ മതില്‍ക്കെട്ടിനകത്ത് തടവുപുള്ളികള്‍ കഴിയുന്നതെങ്ങനെയാണെന്ന്. എന്നാല്‍ ജയിലിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരമൊരുക്കുകയാണ് കര്‍ണാടകയിലെ ബെലാഗവി ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയില്‍. 500 രൂപ ഫീസായി നല്‍കിയാല്‍ തടവറയിലെ ജീവിതത്തെക്കുറിച്ച് അറിയാം.
ജയില്‍ ജീവിതം പരിചയപ്പെടുത്തുന്ന ജയില്‍ ടൂറിസമാണ് 'ഒരു തടവുകാരന്‍റെ ജീവിതത്തിലെ ഒരു ദിവസം' പദ്ധതിയിലൂടെ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി കാത്തിരിക്കുകയാണ് ജയിലധികൃതര്‍.കുറ്റവാളിയല്ലെങ്കിലും ഒരു തടവുകാരനോട് പെരുമാറുന്നതു പോലെയായിരിക്കും ഫീസടച്ച് ജയില്‍ സന്ദര്‍ശിക്കുന്നവരോടും പെരുമാറുക. രാവിലെ എഴുന്നേല്‍ക്കുന്നതു മുതലുള്ള കാര്യങ്ങള്‍ തടവുകാരുടേത് പോലെയായിരിക്കും. യൂണിഫോമും നമ്പറും ഭക്ഷണവുമെല്ലാം ഒരു പോലെ. തോട്ടപ്പണി, പാചകം തുടങ്ങിയ ജയിലിലെ ജോലികളിലെല്ലാം പങ്കാളികളാവുകയും വേണം.
''രാവിലെ 5 മണിക്ക് ജയിൽ ഗാർഡുകൾ സന്ദർശകരെ ഉണർത്തും, അതിനുശേഷം രാവിലെ ചായ കുടിക്കുന്നതിന് മുമ്പ് അവരുടെ സെൽ വൃത്തിയാക്കണം. പിന്നീട് ഒരു മണിക്കൂറിനുള്ളില്‍ പ്രഭാത ഭക്ഷണം. 11 മണിക്ക് ഉച്ചഭക്ഷണത്തിന് ചോറും സാമ്പാറും അടുത്ത ഭക്ഷണം വൈകുന്നേരം 7 മണിക്കാണ്.ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തടവുകാർക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകും. വാരാന്ത്യങ്ങളിൽ സന്ദർശകർ അന്തേവാസികളോടൊപ്പം ചേരുകയാണെങ്കിൽ, അവർക്ക് പ്രത്യേക ഭക്ഷണം ആസ്വദിക്കാനുള്ള അവസരവും ലഭിക്കും'' ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ജോലികൾ പൂർത്തിയാക്കിയ ശേഷം, സന്ദർശകർ സ്വയം മെത്തകൾ വിരിക്കുകയും മറ്റുള്ളവരോടൊപ്പം തറയിൽ ഉറങ്ങുകയും വേണമെന്നും അധികൃതര്‍ പറഞ്ഞു.