പ്രതിപക്ഷ പ്രതിഷേധം: പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു
പ്രതിഷേധിക്കുന്ന അംഗങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക നിയമം തുടങ്ങിയ കാര്യങ്ങളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. സഭ തുടങ്ങിയപ്പോള്‍ തന്നെ പെഗാസസ് വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ഉച്ചക്ക് രണ്ടുമണിവരെ സഭ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് സഭ പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞത്.
അതേസമയം ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ തള്ളി. പ്രതിഷേധിക്കുന്ന അംഗങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ പറഞ്ഞു. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തെറ്റാണ്. ഇതിന് മുമ്പും ഇതുപോലെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ആ സമയത്തും പ്രതിപക്ഷം ആരോപണം ഉയര്‍ത്തി. ഈ വിവാദത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി പറഞ്ഞു.
ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.