'കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി'; വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗാസസിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് ഫോണുകള്‍ ചോര്‍ത്തുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു.

Update: 2021-07-18 09:45 GMT
Advertising

കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തുന്നതായി സംശയമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതിനായി ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗാസസിന്റെ സേവനം ഉപയോഗപ്പെടുത്തിയെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. 

മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആർ.എസ്.എസ് നേതാക്കൾ, സുപ്രീംകോടതി ജഡ്ജിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റില്‍ വ്യക്തമാക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്നും ഇതിനു പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

അതേസമയം, പ്രതിപക്ഷ നിരയിലെ നിരവധി പേരുടെ ഫോണുകളും ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി  ഡെറക് ഒബ്രിയാനും ആരോപിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനു മറുപടി ആയായിരുന്നു പ്രതികരണം. പെഗാസസ് എന്ന ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രമുഖരുള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞു കയറിയതായി വാട്സ്ആപ്പ് അന്ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News