''തങ്ങളുടെ പാട്ടിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിയെയാണ് ഉന്നത നേതൃത്വത്തിന് വേണ്ടത്''; വിമതസ്വരമുയർത്തി സിദ്ദു
കഴിഞ്ഞയാഴ്ച പഞ്ചാബിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഉദ്ഘാടനവേദിയിൽ നേതൃത്വം ആരെ പ്രഖ്യാപിച്ചാലും എല്ലാ പിന്തുണയും നൽകുമെന്ന് രാഹുലിനോട് സിദ്ദുവും ഛന്നിയും വ്യക്തമാക്കിയിരുന്നു
തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പഞ്ചാബിൽ വിമതസ്വരമുയർത്തി വീണ്ടും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. ഉന്നതനേതൃത്വത്തിന് തങ്ങളുടെ ഇഷ്ടങ്ങൾക്കൊത്ത് തുള്ളുന്ന ദുർബലനായ മുഖ്യമന്ത്രിയെയാണ് വേണ്ടതെന്ന് സിദ്ദു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കമാൻഡിന് സിദ്ദുവിന്റെ പരോക്ഷ വിമർശനം.
പുതിയൊരു പഞ്ചാബ് നിർമിക്കണമെങ്കിൽ അതിന്റെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ കരങ്ങളിലാണുള്ളത്. അതുകൊണ്ട് മുഖ്യമന്ത്രിയെ ഇപ്പോൾ തന്നെ തിരഞ്ഞെടുക്കണം. തങ്ങളുടെ പാട്ടിനൊത്ത് തുള്ളുന്ന ദുർബലനായ മുഖ്യമന്ത്രിയെയാണ് ഉന്നതനേതൃത്വത്തിന് ആവശ്യം. അത്തരമൊരു മുഖ്യമന്ത്രിയെയാണോ നിങ്ങൾക്ക് വേണ്ടത്?- പ്രവർത്തകരോട് സിദ്ദു ചോദിച്ചു.
രാഹുലിന് നൽകിയ ഉറപ്പ് എന്താകും?
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ടാണ് സിദ്ദുവിന്റെ വിമർശനമെന്നാണ് കരുതപ്പെടുന്നത്. അമരീന്ദറിനു പകരക്കാരനായി വന്ന ചരൺജീത്ത് ഛന്നി മുഖ്യമന്ത്രി സ്വപ്‌നങ്ങൾക്ക് വീണ്ടും വിലങ്ങുതടിയാകുമോ എന്ന ഭീതി സിദ്ദുവിനുണ്ട്. കഴിഞ്ഞയാഴ്ച പഞ്ചാബിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഉദ്ഘാടനവേദിയിലാണ് പതിവിൽനിന്നു വ്യത്യസ്തമായി പ്രവർത്തകരുടെ ആവശ്യപ്രകാരം ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്ന് രാഹുൽ പ്രഖ്യാപിച്ചത്. നേതൃത്വം ആരെ പ്രഖ്യാപിച്ചാലും എല്ലാ പിന്തുണയും നൽകുമെന്ന് ഇതേവേദിയിൽ രാഹുലിനെ സാക്ഷിനിർത്തി സിദ്ദുവും ഛന്നിയും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ തലമുതിർന്ന നേതാവായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ് പാർട്ടി വിട്ടതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ഏറെക്കുറെ സിദ്ദു ഉറപ്പിച്ചിരുന്നു. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളും തകർത്താണ് ചരൺജീത്ത് സിങ് ഛന്നിയെ കോൺഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത്. ഇതിൽ സിദ്ദു പലപ്പോഴായി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ചരൺജീത്ത് സിങ് ഛന്നി രണ്ട് സീറ്റിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഛന്നിയെയാണ് പാർട്ടി പ്രധാനമായും പരിഗണിക്കുന്നതെന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി സിദ്ദു രംഗത്തെത്തിയതിനു പിന്നിലെന്ന് കരുതാവുന്നതാണ്.
കഴിഞ്ഞ ദിവസം സിദ്ദു നേരത്തെ നിശ്ചയിച്ച പൊതുപരിപാടികളെല്ലാം നിർത്തിവച്ചിരുന്നു. വൈഷ്‌ണോദേവി ക്ഷേത്രം സന്ദർശിക്കാനുള്ള തീരുമാനവും പിൻവലിച്ചിരുന്നു.
Summary: "People at the top" want a weak Chief Minister who can dance to their tunes, Navjot Singh Sidhu said. Rahul Gandhi is yet to reveal on the Congress's Chief Minister candidate for Punjab