'യു.പി ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയം കുഴിച്ചുമൂടി': വോട്ടര്‍മാരോട് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്

പ്രതിപക്ഷം നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രചാരണം ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് യോഗി ആദിത്യനാഥ്

Update: 2022-03-11 05:17 GMT
Advertising

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയം കുഴിച്ചുമൂടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ബിജെപി വന്‍വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

പ്രതിപക്ഷം നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രചാരണം ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് യോഗി പറഞ്ഞു. ബിജെപിയുടെ നല്ല ഭരണത്തില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. വോട്ടിങ് മെഷീന്‍ കടത്തിയെന്ന ആരോപണം ഉന്നയിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ അദ്ദേഹം പരിഹസിച്ചു- "ഇവിഎമ്മുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു"

ഉത്തർപ്രദേശിൽ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ നേതാക്കളെയും യോഗി ആദിത്യനാഥ് അഭിവാദ്യം ചെയ്തു.

ഗൊരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യോഗി ആദിത്യനാഥ് വിജയിച്ചത്. എസ്.പിയുടെ സുഭാവതി ഉപേന്ദ്രദത്ത് ശുക്ലയാണ് ഈ മണ്ഡലത്തില്‍ രണ്ടാമതെത്തിയത്. യോഗിയോട് പൊരുതാനിറങ്ങിയ ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് 7543 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News