ജനങ്ങൾ സ്നേഹം നൽകി, അവർക്കായി പ്രവർത്തിക്കും; വിനേഷ് ഫോഗട്ട്
ഗുസ്തിയും രാഷ്ട്രീയവും ഒരേസമയം കൊണ്ടുപോകാൻ കഴിയില്ലെന്നും വിനേഷ്
ചണ്ഡീഗഡ്: ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. തെരഞ്ഞെടുപ്പ് ഗോദയിലെ കന്നിയങ്കത്തിൽ വിജയം നേടിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ജനങ്ങൾ സ്നേഹം നൽകിയെന്നും താഴെത്തട്ടിൽ അവർക്കായി പ്രവർത്തിക്കുമെന്നും വിനേഷ് പറഞ്ഞു. ഗുസ്തിയും രാഷ്ട്രീയവും ഒരേസമയം കൊണ്ടുപോകാൻ കഴിയില്ലെന്നും വിനേഷ് കൂട്ടിച്ചേർത്തു.
ജുലാന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടിയ വിനേഷ് 6140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം കൊയ്തത്. ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെയാണ് ഫോഗട്ട് തെരഞ്ഞെടുപ്പ് ഗോദയിൽ മലർത്തിയടിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഫിനേഷിന്റെ ലീഡ് നിലയിൽ ട്വിസ്റ്റോട് ട്വിസ്റ്റായിരുന്നു. തുടക്കത്തിൽ മുന്നിലെത്തിയ താരം പൊടുന്നനെ രണ്ടാമതായി. പിന്നീട് കുറച്ചുനേരം ബിജെപിയുടെ സ്ഥാനാർഥി മുന്നിലായിരുന്നു. എന്നാൽ വോട്ടെണ്ണലിന്റെ അവസാന ലാപിൽ ലീഡ് തിരിച്ചു പിടിച്ച വിനേഷ് വിജയത്തിലേക്ക് ഇടിച്ചികയറുകയായിരുന്നു.
പാരീസ് ഒളിമ്പിക്സിൽ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട് ഭാരക്കൂടുതലിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. പിന്നീട് രാജിവച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു.