2023 തെലങ്കാന തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനൊരുങ്ങി ബിജെപി
ഹൈദരാബാദിൽ നടന്ന പൊതു യോഗത്തിലും പാർട്ടിക്ക് സംസ്ഥാനത്ത് സ്വാധീനം ഉണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
ഹൈദരാബാദ്: 2023 തെലങ്കാന തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ ഒരുങ്ങി ബിജെപി. ഇന്നലെ അവസാനിച്ച ദേശീയ എക്സിക്യൂട്ടീവ് യോഗവും ഇതിനുള്ള പദ്ധതികൾ തയ്യാറാക്കി. ഹൈദരാബാദിൽ നടന്ന പൊതു യോഗത്തിലും പാർട്ടിക്ക് സംസ്ഥാനത്ത് സ്വാധീനം ഉണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
തെലുങ്കിൽ അഭിവാദ്യം ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ പ്രസംഗം ആരംഭിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സ്വാധീനം ഉറപ്പിക്കാൻ വേണ്ടിയാണ് രണ്ട് പതിറ്റാണ്ട് ഇടവേളയ്ക്ക് ശേഷം ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൻ്റെ വേദിയായി ഹൈദരാബാദ് ബിജെപി തെരഞ്ഞെടുത്തത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയിൽ തന്നെ എക്സിക്യൂട്ടീവ് യോഗത്തിലെ പദ്ധതികൾ പരീക്ഷിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.
നടപ്പാക്കിയ ഓരോ കേന്ദ്ര പദ്ധതിയിലും തെലങ്കാനയ്ക്ക് വേണ്ടി എന്ത് ചെയ്തെന്ന് പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. തെലങ്കാന ബിജെപിക്ക് ഒപ്പം നിൽക്കുന്ന സംസ്ഥാനമാണ് എന്ന് സ്ഥാപിക്കാൻ വിവിധ തെരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതവും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെ അവഗണിച്ചതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. പ്രോട്ടോകോൾ പ്രകാരം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്താത്ത മുഖ്യമന്ത്രിയുടെ നടപടിയെ തെലങ്കാന ബിജെപി അധ്യക്ഷനും വിമർശിച്ചിട്ടുണ്ട്. ഭരണ കക്ഷിയായ ടിആർഎസിൽ നടക്കുന്നത് കുടുംബാധിപത്യമാണെന്ന പ്രചാരണമാണ് ഇപ്പൊൾ ബിജെപി ഉന്നയിക്കുന്നത്.