പേരറിവാളന്റെ ദയാഹര്‍ജി: ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍, രാഷ്ട്രപതിയുടെ തീരുമാനത്തിന് കാത്തിരിക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി സുപ്രീം കോടതി

മന്ത്രിസഭയുടെ തീരുമാനത്തെ വകവെക്കാതെ പേരറിവാളന്റെ ജാമ്യം നിഷേധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ രാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു

Update: 2022-05-04 11:57 GMT
Advertising

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന പേരറിവാളന്റെ ദയഹരജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നതുവരെ കാത്തിരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളി സുപ്രീം കോടതി.

ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, ബി.ആര്‍.ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രനിര്‍ദേശം തള്ളിയത്. കേന്ദ്രത്തിന് എതിര്‍പ്പില്ലെങ്കില്‍ പേരറിവാളനെ വെറുതെ വിടാന്‍ തയാറാണെന്നും കോടതി പറഞ്ഞു. നേരത്തെ പേരറിവാളനെ മോചിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മന്ത്രിസഭയുടെ തീരുമാനത്തെ വകവെക്കാതെ പേരറിവാളന്റെ ജാമ്യം നിഷേധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ രാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു.

മന്ത്രിസഭയുടെ തീരുമാനത്തെ എതിര്‍ക്കുക മാത്രമല്ല, വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അദ്ദേഹം കൈമാറിയെന്നും ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ മന്ത്രിസഭാ യോഗത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വാദം അംഗീകരിച്ച കോടതി പേരളിവാളനെ മോചിപ്പിക്കണമെന്ന തീരുമാനത്തോട് ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അത് മന്ത്രിസഭയ്ക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു വേണ്ടതെന്നും രാഷ്ട്രപതിക്ക് തീരുമാനം വിടാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നര വര്‍ഷമായി ഗവര്‍ണര്‍ക്ക് ഇതേ നിലപാടാണെന്നും ഇതിനിടയില്‍ പ്രയാസപ്പെടുന്നത് പേരറിവാളനാണെന്നും കോടതി പറഞ്ഞു.

കേസില്‍ രാഷ്ട്രപതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചെങ്കിലും ബെഞ്ച് വാദം തള്ളുകയായിരുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരം, ജീവപര്യന്തം ശിക്ഷ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി അനുഭവിച്ച പേരറിവാളനെ മോചിപ്പിക്കാന്‍ 2018 സെപ്റ്റംബറില്‍ തമിഴ്നാട് മന്ത്രിസഭ നല്‍കിയ അപേക്ഷയില്‍ നിയമസഹായത്തിനും ഉപദേശത്തിനും ഗവര്‍ണര്‍ ബാധ്യസ്ഥനായിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിക്ക് കൈമാറാന്‍ ഗവര്‍ണര്‍ക്ക് പ്രഥമദൃഷ്ട്യാ അധികാരമില്ല. ഭരണഘടന പ്രകാരം ഇവിടെ രാഷ്ട്രപതിക്ക് ഒരു റോളും ഇല്ലെന്നും കോടതി പറഞ്ഞു.

''ഭരണഘടനാ വിരുദ്ധമായി നടക്കുന്ന കാര്യങ്ങളില്‍ നമുക്ക് കണ്ണടയ്ക്കാനാവില്ല. നമ്മുടെ ബൈബിളായ-ഇന്ത്യയുടെ ഭരണഘടനയെ പിന്തുടരേണ്ടതുണ്ട്,'' എന്ന് ജസ്റ്റിസ് റാവു അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ തീരുമാനത്തിന് ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്തിമ പ്രതികരണം അടുത്തയാഴ്ചയ്ക്കകം വേണമെന്നും പറഞ്ഞു.

30 വര്‍ഷത്തിലധികം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പേരറിവാളന്‍ സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണര്‍ക്ക് എതിരെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലായ പേരറിവാളന് എന്തുകൊണ്ടാണ് ജാമ്യം നിഷേധിക്കുന്നതെന്ന ചോദ്യം സുപ്രീം കോടതി നേരത്തെ ഉന്നയിച്ചിരുന്നു. ചെയ്ത കുറ്റത്തിന് കുറഞ്ഞ കാലയളവ് ശിക്ഷ അനുഭവിച്ചവരെപ്പോലും വിട്ടയക്കുമ്പോള്‍ പേരറിവാളന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാത്തത് എന്തുകൊണ്ടാണെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടോളം ജയില്‍വാസം അനുഭവിച്ച പേരറിവാളന് ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. 1991 ജൂണിലാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ പേരറിവാളനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.

രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണത്തില്‍ (ഐഇഡി) ഉപയോഗിച്ച ഒമ്പത് വോള്‍ട്ട് ബാറ്ററികള്‍ വാങ്ങി നല്‍കിയെന്ന് ആരോപിച്ചാണ് പേരറിവാളന്‍ ജയിലിലായത്.

Tags:    

Writer - Aswin Raj

contributor

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News