താജ് മഹൽ കാണാൻ പോയ ഉടമസ്ഥര്‍ കാറില്‍ പൂട്ടിയിട്ട നായ ചത്തു; വീഡിയോ
നായ അനങ്ങാതെ കിടക്കുന്നത് വഴിയാത്രക്കാരനാണ് കണ്ടത്
ആഗ്ര: താജ്മഹൽ കാണാൻ പോയപ്പോൾ ഉടമസ്ഥർ കാറിൽ പൂട്ടിയിട്ട വളർത്തുനായ ചത്തു. ഹരിയാന സ്വദേശികളുടെ നായയാണ് ചത്തത്. കനത്ത ചൂടും വായുസഞ്ചാരക്കുറവും വെള്ളമില്ലാത്തതുമാണ് നായയുടെ മരണത്തിലേക്ക് നയിച്ചത്. ഉടമസ്ഥർ താജ് മഹൽ കാണാനായി പോയപ്പോൾ വെസ്റ്റ്‌ഗേറ്റ് പാർക്കിംഗിലായിരുന്നു കാർ നിർത്തിയത്. മണിക്കൂറുകളോളം കാറിൽ നായയെ പൂട്ടിയിട്ടിരുന്നു.
നായ അനങ്ങാതെ കിടക്കുന്നത് വഴിയാത്രക്കാരനാണ് കണ്ടത്. തുടർന്ന് ഇയാൾ കാറിനകത്തെ വീഡിയോ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തു. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. വീഡിയോ യുപി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു. വിഷയം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആഗ്ര പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
നായയെ മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിരവധി പേർ കമന്റ് ചെയ്തു. കാറിന്റെ വിൻഡോ ചെറുതായി ചാരിയിരുന്നെങ്കിൽ അവൻ മരിക്കില്ലായിരുന്നു. അവന് വേണ്ടി കുറച്ച് വെള്ളം അതിൽ വെച്ചിരുന്നെങ്കിൽ...ഒരാൾ കമന്റ് ചെയ്തു.
അതേസമയം, നായയുടെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. വളർത്തുനായയുടെ ചങ്ങല കാറിന്റെ ഹാൻഡ്‌ബ്രേക്കിൽ കുടുങ്ങി ശ്വാസംമുട്ടിമരിച്ചതാകാമെന്നാണ് കരുതുന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂവെന്നും പൊലീസ് പറയുന്നു.