ഗ്യാൻവാപി മസ്ജിദിലേക്ക് പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് ഹരജി
പള്ളിക്ക് താഴെ പൂജ തുടരാൻ കഴിഞ്ഞദിവസം കോടതി അനുമതി നൽകിയിരുന്നു
ന്യൂഡൽഹി: വരാണസിയിലെ ഗ്യാൻവാപി മസ്ജിദിലേക്കുള്ള പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് ഹരജി. വരാണസി സ്വദേശി രാം പ്രസാദാണ് ജില്ലാ കോടതിയിൽ ഹരജി നൽകിയത്.
പള്ളിക്ക് താഴെയുള്ള നിലവറകളുടെ പഴക്കം ചൂണ്ടിക്കാട്ടിയാണ് പ്രവേശനം വിലക്കണമെന്ന് ആവശ്യപ്പെടുന്നത്. നിലവറകൾക്ക് 500 വർഷം പഴക്കമുണ്ട്. ഇവ ജീർണിച്ച അവസ്ഥയിലാണ്. നിലവറകൾക്ക് മുകളിൽ ആളുകൾ പ്രാർഥന നടത്തിയാൽ അപകടമുണ്ടാകുമെന്നും ഹരജിക്കാരൻ പറയുന്നു.
പള്ളിക്ക് താഴെ പൂജ തുടരാൻ കഴിഞ്ഞദിവസം അലഹബാദ് ഹൈകോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കമുണ്ടാകുന്നത്.
ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരായ ഹരജി അലഹബാദ് ഹൈകോടതി തള്ളുകയായിരുന്നു. മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് കോടതി വ്യക്തമാക്കി. പള്ളി നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹരജി നൽകിയത്.
ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വിധിക്കെതിരായ തങ്ങളുടെ എതിർപ്പുകൾ മസ്ജിദ് കമ്മിറ്റി ഹരജിയിൽ വ്യക്തമാക്കിയിരുന്നു. പള്ളിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന എന്നറിയപ്പെടുന്ന നിലവറ 1993 മുതൽ തങ്ങളുടെ അധീനതയിലാണെന്നും വ്യാസ് കുടുംബത്തിനോ മറ്റാർക്കെങ്കിലുമോ അവകാശവാദം ഉന്നയിക്കാനും ആരാധന നടത്താനും കഴിയില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.
30 വർഷമായി അവിടെ പൂജ നടന്നിരുന്നില്ല. ഇപ്പോൾ കോടതി റിസീവറെ നിയമിച്ചതിനും തൽസ്ഥിതിയിൽ മാറ്റം വരുത്തിയതിനും മതിയായ കാരണമില്ലെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി. എന്നാൽ, 1993ന് ശേഷവും സംസ്ഥാന സർക്കാർ നിർദേശപ്രകാരം സി.ആർ.പി.എഫ് ഏറ്റെടുക്കുംവരെ നിലവറയിൽ പൂജ നടന്നിരുന്നുവെന്നാണ് ഹിന്ദുപക്ഷം വാദിച്ചത്. ഇരുപക്ഷത്തിന്‍റെയും വിശദവാദം കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്.
ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ തഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വരാണസി ജില്ല കോടതി ഉത്തരവിട്ടത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.