ഇന്ധനവില വീണ്ടും കൂട്ടി; പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചത്
Update: 2022-03-25 01:22 GMT
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 95 പൈസയും ഡീസലിന് 94 രൂപ എട്ട് പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 107 രൂപ 11 പൈസ, ഡീസൽ 94 രൂപ 27 പൈസ.
പാർലമെന്‍റ് സമ്മേളനത്തിനിടയിൽ മൂന്നാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും ഒപ്പം എൽപിജിയ്ക്കും വില കൂട്ടിയത് കടുത്ത പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ഇന്ധന വില ഉയർത്തി പാർലമെന്‍റില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. ഒറ്റയ്ക്ക് പ്രതിഷേധം സംഘടിപ്പിക്കാതെ കൂട്ടായ മുന്നേറ്റത്തിന് തയ്യാറാകണമെന്ന് കോൺഗ്രസിനോട് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.