പോപുലർ ഫ്രണ്ടിന് മുന്നിൽ ഇനിയെന്താണ് വഴി?
നിരോധത്തിന് പിന്നാലെ പാര്‍ട്ടി ഓഫീസുകൾ അടച്ചുപൂട്ടാനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമടക്കമുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു
കൊച്ചി: രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പോപുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ മറ്റ് നടപടികളിലേക്കും കേന്ദ്ര സർക്കാർ കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പോപുലർ ഫ്രണ്ടിന്റെ എല്ലാ ഓഫീസുകളും സീൽ ചെയ്യാനുള്ള നിർദേശം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പാർട്ടിയുടെ ഫേസ്ബുക്ക്,ട്വിറ്റർ അടക്കമുള്ള സോഷ്യൽമീഡിയ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇനി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് മുന്നിലുള്ള പ്രതീക്ഷ ട്രൈബ്യൂണലിൻറെ വിധിയാണ്.കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ രൂപം നൽകുന്ന ട്രൈബ്യൂണൽകൂടി വിഷയം പരിഗണിച്ച് ഈ ഉത്തരവ് ശരിവെച്ചാലേ ഉപാധികളില്ലാത്തവിധം പൂർണാർഥത്തിൽ നിരോധനം നടപ്പാവൂവെന്ന ചെറിയ പ്രതീക്ഷയാണ് പി.എഫ്.ഐയ്ക്ക് മുന്നിലുള്ളത്.
നിരോധനം സംബന്ധിച്ച വിവരം ഔദ്യോഗിക ഗസറ്റിലും ഒരു അച്ചടി മാധ്യമത്തിലും വിജ്ഞാപനം ചെയ്തശേഷം ഏതെങ്കിലും ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലെ ട്രൈബ്യൂണൽ രൂപവത്കരിക്കുകയെന്നതാണ് അടുത്ത നടപടി. സ്ഥിരം ട്രൈബ്യൂണൽ നിലവിലില്ലെങ്കിൽ മാത്രമാണ് പുതിയത് രൂപീകരിക്കേണ്ടി വരിക.
സംഘടനക്ക് നോട്ടീസ് നൽകി അവരുടെയും മറ്റ് കക്ഷികളുടെയും നിലപാട് തേടിയാണ് കേന്ദ്രസർക്കാർ ഉത്തരവ് അന്തിമമാക്കുകയോ തള്ളുകയോ ചെയ്യുന്നത്. ആറു മാസത്തിനകം ട്രൈബ്യൂണൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് ചട്ടം.
കേന്ദ്ര ഉത്തരവ് ട്രൈബ്യൂണൽ ശരിവെച്ചാൽ മാത്രമേ വ്യവസ്ഥ പ്രകാരം നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കും സാധ്യതയുണ്ടാകൂ. എന്നാൽ, പോപുലർ ഫ്രണ്ടിന്റെ കാര്യത്തിൽ നിരോധന വിജ്ഞാപനമുണ്ടായ ബുധനാഴ്ചതന്നെ ഈ വ്യവസ്ഥ പ്രകാരമുള്ള നടപടികൾക്ക് സാധുത നൽകിയിട്ടുണ്ട്.പക്ഷേ ട്രൈബ്യൂണൽ നടപടികൾ ചട്ടപ്രകാരം ഒഴിവാക്കാനാവില്ല.
രാജ്യത്തിൻറെ അഖണ്ഡത, പരമാധികാരം, രാജ്യസുരക്ഷ, പൊതുസമാധാനം, മതസൗഹാർദം എന്നിവയെ ബാധിക്കുന്ന വിധത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനം നടത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.എഫ്.ഐ നിരോധിച്ചത്.
ഇത് ചോദ്യം ചെയ്‌തോ ട്രൈബ്യൂണൽ ഉത്തരവ് വന്നതിന് ശേഷമോ ഹൈക്കോടതികളെയോ സുപ്രിംകോടതിയെയോ സമീപിക്കാനും കഴിയും. നിരോധനം അന്തിമമായശേഷം സംഘടനയിൽ അംഗമാകുന്നതും യോഗങ്ങളിൽ സംബന്ധിക്കുന്നതും സംഭാവനകൾ നൽകുന്നതും സ്വീകരിക്കുന്നതും ഏതെങ്കിലും തരത്തിൽ നിരോധിത സംഘടനയെ സഹായിക്കുന്നതും കുറ്റകരമാണ്. ഇത് വ്യക്തികൾക്കും ബാധകമായിരിക്കും.