തെക്കേ ഇന്ത്യയിൽ ബിജെപി ഒരിടത്തും ഇല്ലാത്ത ദിവസം, ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്ത്: പിണറായി വിജയൻ
'കോൺഗ്രസ് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം, ഇനിയെങ്കിലും ജാഗ്രത കാണിക്കണം'
കണ്ണൂർ: കർണാടകയിലെ ബിജെപിയുടെ തോൽവി രാജ്യതാത്പര്യങ്ങൾക്ക് എതിരായ നിലപാടുകൾക്കുള്ള വിധിയെഴുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ദിവസം തെക്കേ ഇന്ത്യയിൽ ഒരിടത്തും ബിജെപി ഇല്ലാത്ത ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രധാനമന്ത്രി കർണാടകയിൽ എത്തിയത് പത്ത് ദിവസമാണ്. കർണാടകയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പൊതുസമ്മേളനത്തിൽ പങ്കെടുക്കകയും അര ഡസൻ റോഡ് ഷോ സംഘടിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. ബിജെപി തോൽവിയുമായി പൊരുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
''ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലും സംഭവിച്ചത്. കോൺഗ്രസ് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം, ഇനിയെങ്കിലും ജാഗ്രത കാണിക്കണം. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയപാർട്ടികൾ ആണ് അധികാരത്തിലുള്ളത്''. പിണറായി വിജയൻ പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മന്ത്രിമാര്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ക്ക് അടിതെറ്റി. കോണ്‍ഗ്രസ് 136 സീറ്റില്‍ മുന്നിലാണ്. ബി.ജെ.പി 62 സീറ്റിലും ജെ.ഡി.എസ് 21 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.