ആരാധനാലയ നിയമം: വിശദമായ ചർച്ച വേണമെന്ന് സുപ്രിംകോടതിയിൽ കേന്ദ്രം
ഡിസംബർ 12നുമുൻപ് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു
ന്യൂഡൽഹി: ആരാധനാലയ സംരക്ഷണ നിയമത്തിൽ നിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം ചോദിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ പ്രത്യേകതലത്തിൽ വിശദമായ ചർച്ച വേണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. തുടർന്ന് ഡിസംബർ 12നുമുൻപ് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസ് ജനുവരി ആദ്യവാരത്തിൽ പരിഗണിക്കും.
ആരാധനാലയങ്ങൾ 1947നുമുൻപുള്ള അതേ നിലയിൽ തുടരുമെന്ന് വ്യക്തമാക്കുന്ന 1991ലെ നിയമത്തെ ചോദ്യംചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഹരജികൾക്കെതിരെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അടക്കമുള്ള കക്ഷികൾ നൽകിയ ഹരജികളും കോടതിക്കു മുന്നിലുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പാർദിവാല എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
ഹരജികളിൽ നിലപാട് വ്യക്തമാക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രിംകോടതി കേന്ദ്രത്തിന് സമയം അനുവദിച്ചിരുന്നു. ഒക്ടോബർ 11ന് കേസ് വീണ്ടും പരിഗണിച്ച കോടതി കേന്ദ്രത്തിന് രണ്ടാഴ്ചകൂടി സമയം നീട്ടിനൽകുകയായിരുന്നു.
Summary: Centre seeks time from Supreme Court to reply on Places Of Worship Act petitions