'മണിപ്പൂരിൽ പരമാവധി വേഗത്തിൽ പരിഹാരം കാണണം'; ബീരേൻ സിങ്ങുമായി ചർച്ച നടത്തി മോദി
രാജനാഥ് സിങ്ങും അമിത് ഷായും ചർച്ചയിൽ പങ്കെടുത്തു.
ഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ പരമാവധി വേഗത്തിൽ പരിഹാരം കാണണമെന്ന് മോദി നിർദേശം നൽകി. ഇന്നലെ നടന്ന ചർച്ചയിൽ പ്രതിരോധമന്ത്രി രാജനാഥ് സിങ്ങും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു. കൂടുതൽ കേന്ദ്രസഹായം നേതാക്കൾ വാഗ്ദാനം ചെയ്തു. മറ്റ് ഉദ്യോഗസ്ഥരൊന്നും ചർച്ചയിൽ ഉണ്ടായിരുന്നില്ല.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ ബിരേന്‍ സിങ് പങ്കെടുത്തിരുന്നു. തുടർന്ന് ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
അതേസമയം, പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതിനെ ആവർത്തിച്ച് വിമർശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുന്നുണ്ട്. പ്രധാനമന്ത്രി അടുത്ത മാസം യുക്രൈൻ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കളെത്തിയിരുന്നു. 'യുക്രൈൻ സന്ദർശനത്തിന് മുൻപാണോ ശേഷമാണോ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുക?' എന്നായിരുന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ ചോദ്യം.
2023 മെയ് മൂന്നിനാണ് മണിപ്പൂരിൽ കുകി- മെയ്തേയ് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും പിന്നീട് വംശീയകലാപത്തിലേക്ക് വഴിമാറിയതും. ഇന്നും സംസ്ഥാനത്തെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല.