പുതുവത്സരത്തലേന്നും ഐആര്‍സിറ്റിസി വെബ്‍സൈറ്റ് പണിമുടക്കി; ഈ മാസത്തില്‍ തന്നെ മൂന്നാം തവണ

ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപയോക്താക്കളെ ഇത് ബുദ്ധിമുട്ടിലാക്കി

Update: 2024-12-31 07:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഐആര്‍സിറ്റിസി വെബ്സൈറ്റ് പുതുവര്‍ഷത്തലേന്നും പ്രവര്‍ത്തനരഹിതമായി. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് വെബ്സൈറ്റ് പണിമുടക്കുന്നത്. ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപയോക്താക്കളെ ഇത് ബുദ്ധിമുട്ടിലാക്കി.

 



രാവിലെ 10 മുതലാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് മുന്‍പ് ഡിസംബര്‍ 26നാണ് വെബ്‍സൈറ്റ് പ്രവര്‍ത്തനരഹിതമായത്. ഡിസംബര്‍ ഒന്‍പതിനും ഒരു മണിക്കൂറോളം പണിമുടക്കിയിരുന്നു. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി നിരവധി ഉപയോക്താക്കൾക്ക് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ സാധിച്ചില്ല. ലോ​ഗിൻ ചെയ്യാൻ പറ്റിയവർക്കാകട്ടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സാധിച്ചില്ല.രാവിലെ 10 മണിക്ക് തത്കാല്‍ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ആപ്പും വെബ്സൈറ്റും പണിമുടക്കിയത്. അടുത്ത ഒരു മണിക്കൂറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും റദ്ദാക്കാനും സാധിക്കില്ലെന്നായിരുന്നു സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം. അസൗകര്യത്തില്‍ ഖേദിക്കുന്നതായും സന്ദേശത്തില്‍ പറയുന്നു.

നിരവധി ഉപയോക്താക്കളാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ''അടിയന്തരമായി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് സൈറ്റ് ഇത്തരത്തില്‍ പണിമുടക്കുന്നത്. മര്യാദക്ക് ഒരു വൈബ് സൈറ്റ് ഉണ്ടാക്കാന്‍ കഴിയാത്തവരാണ് ബുള്ളറ്റ് ട്രെയിനെക്കുറിച്ച് വ്യാകുലപ്പെടുന്നത്'' ഒരു ഉപയോക്താവ് കുറിച്ചു. ''സൈറ്റും ആപ്പും പ്രവർത്തനരഹിതമാണ്. ആളുകൾക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല. എന്നിട്ടും ഇതിനെക്കുറിച്ച് ഒരു ഔദ്യോഗിക അറിയിപ്പില്ല'' മറ്റൊരാള്‍ കുറിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News