പ്രണബ് മുഖർജിക്ക് അർഹമായ ബഹുമാനം നൽകിയില്ലെന്ന ആരോപണം തള്ളി അഭിജിത്ത് മുഖർജി
കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് കോൺഗ്രസിന് ഒന്നും ചെയ്യാൻ കഴിയാത്തതെന്നും അഭിജിത്ത് പ്രതികരിച്ചു
ഡല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് അർഹമായ ബഹുമാനം നൽകിയില്ലെന്ന മകൾ ശർമിഷ്ട മുഖർജിയുടെ ആരോപണം തള്ളി സഹോദരൻ അഭിജിത്ത് മുഖർജി. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് കോൺഗ്രസിന് ഒന്നും ചെയ്യാൻ കഴിയാത്തതെന്നും അഭിജിത്ത് പ്രതികരിച്ചു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ സ്മാരക സ്ഥലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരവെയാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ട മുഖർജി രംഗത്തെത്തിയത്. പ്രണബ് മുഖര്‍ജി അന്തരിച്ചപ്പോള്‍ വിലാപയാത്ര നടത്താൻ കോൺഗ്രസ് തയ്യാറായില്ലെന്നാണ് ആരോപണം. എന്നാൽ ഈ ആരോപണം നിഷേധിച്ച് സഹോദരൻ അഭിജിത്ത് രംഗത്ത് വന്നു. വിലാപയാത്രയ്ക്കും അനുശോചന പരിപാടികൾക്കും കോവിഡ് നിയന്ത്രണങ്ങൾ തടസ്സമായി. കെജ്‌രിവാൾ സർക്കാരിനോട് അനുമതി തേടിയെങ്കിലും ലഭിച്ചില്ലെന്നും അഭിജിത്ത് ചുണ്ടിക്കാട്ടുന്നു.
അതിനിടെ മന്‍മോഹന്‍ സിങിന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്യൽ ചടങ്ങില്‍ നേതാക്കൾ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് വിട്ടുനിന്നതെന്നും ഇക്കാര്യം സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സിങിന്‍റെ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.