'മണിപ്പൂരിൽ നഷ്ടമായത് തിരിച്ചുപിടിക്കും'; പ്രതിപക്ഷം സഭവിട്ടതിന് ശേഷം മണിപ്പൂർ പരാമർശിച്ച് പ്രധാനമന്ത്രി

ആദ്യ ഒന്നരമണിക്കൂറും പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്

Update: 2023-08-10 18:46 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനെപ്പറ്റി സംസാരിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സഭ വിട്ടപ്പോൾ മോദി മണിപ്പൂരിനെകുറിച്ച് സംസാരിച്ചു തുടങ്ങി. കേന്ദ്രസർക്കാറിന്റെ ഭരണത്തെക്കുറിച്ചും രാഹുൽഗാന്ധിയെയും പ്രതിപക്ഷത്തെയും വിമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ആദ്യമണിക്കൂർ സംസാരിച്ചിരുന്നത്. തുടർന്ന് മണിപ്പൂരിനെക്കുറിച്ച് പറയൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും പോസ്റ്റർ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നാലെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോദി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്.


'മണിപ്പൂരിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ടു. സ്ത്രീകൾക്ക് നേരെ ക്ഷമിക്കാൻ കഴിയാത്ത അക്രമങ്ങൾ ഉണ്ടായി. പ്രതികൾ പിടിയിലായിട്ടുണ്ട്. ഇപ്പോള്‍ പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങളോട് പറയാനുള്ളത് നല്ലൊരു പുലരി ഉണ്ടാകുമെന്നാണ്'..മോദി പറഞ്ഞു. മണിപ്പൂരിൽ ഒന്നിച്ച് ചേർന്ന് ഇതിന് പരിഹാരം കണ്ടെത്തും.മണിപ്പൂരിൽ നഷ്ടമായത് തിരിച്ച് പിടിക്കും.മണിപ്പൂർ അതിവേഗം വളർച്ച കൈവരിക്കുമെന്നും മോദി പറഞ്ഞു.

'അവിശ്വാസ പ്രമേയത്തിൽ പല ആരോപണം ഉന്നയിച്ചു.ചർച്ചയ്ക്ക് വരാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം അതിന് തയ്യാറായില്ല. ആഭ്യന്തര മന്ത്രി ഇന്നലെ 2 മണിക്കൂർ കൊണ്ട് മണിപ്പൂർ വിഷയത്തിൽ സർക്കാർ നിലപാട് വിശദീകരിച്ചു. മണിപ്പൂരിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ട സന്ദേശങ്ങൾ അതിൽ ഉണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷം അതിൽ രാഷ്ട്രീയം കളിച്ചു. മണിപ്പൂർ ചർച്ച പ്രതിപക്ഷം അട്ടിമറിച്ചു'..മോദി ആരോപിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News