ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കാൻ പ്രധാനമന്ത്രിയുടെ നിര്‍ദേശം
രാജ്യത്തെ വാക്സിനേഷൻ പുരോഗതിയും അവലോകന യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി
ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ നിർദേശം. കുട്ടികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. രാജ്യത്തെ വാക്സിനേഷൻ പുരോഗതിയും അവലോകന യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി.
ഉത്സവ സീസണായതിനാൽ കോവിഡ് വ്യാപനം കൂടാനിടയുണ്ടെന്ന വിദഗ്ധരുടെ നിർദേശത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കാനും ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. കുട്ടികൾക്കായുള്ള പീഡിയാട്രിക് വാർഡുകൾ വേഗത്തിൽ സജ്ജീകരിക്കണം. ബ്ലാക് ഫംഗസ് ബാധ കൂടുതൽ റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉള്ളതിനാൽ ഇതിനുള്ള മരുന്നുകൾ സംസ്ഥാനങ്ങൾ കരുതി വെക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഉത്സവകാലമായതിനാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷം നടത്തണം. ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
രാജ്യത്തെ വാക്സിനേഷൻ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്. രാജ്യത്ത് വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കി മൂന്നാംതരംഗം വൈകിക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. ഇതുവരെ 73 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.