'പ്രശ്നം ഉന്നയിക്കുന്നവര്‍ അധികാരമോഹികള്‍': ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരണവുമായി പ്രധാനമന്ത്രി
സമൂഹത്തെ വിഭജിക്കുന്നവരാണ് ഗണേശ പൂജയെ എതിർക്കുന്നതെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പൂജയിൽ പങ്കെടുത്തതിൽ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ ഗണപതി പൂജയിൽ പങ്കെടുത്തതിൽ കോൺഗ്രസ് അസ്വസ്ഥരാണെന്നും ഗണേശ പൂജയിൽ എല്ലാവരും പങ്കെടുക്കാറുണ്ടെന്നും മോദി പറഞ്ഞു. ഭുവനേശ്വറിലെ ഒരു പരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന.
സമൂഹത്തെ വിഭജിക്കുന്നവരാണ് ഗണേശ പൂജയെ എതിർക്കുന്നതെന്നും അധികാരത്തോട് ആർത്തിയുള്ളവർക്കാണ് ഗണേശ പൂജ പ്രശ്നമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗണേശ ചതുർത്ഥിയുടെ ഭാഗമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വീട്ടിൽ നടന്ന ഗണേശ പൂജയിലാണ് മോദി പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെ വലിയ വിവാദങ്ങളും വിമർശനങ്ങളും ഉയരുകയായിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ പ്രതികരണമാണ് നടത്തിയിരുന്നത്. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മോദി ന്യായീകരണവുമായി രംഗത്ത് വന്നത്.